തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം. ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മുതിര്‍ന്ന നേതാവ് വി ശിവൻകുട്ടി അതൃപ്തി പ്രകടിപ്പിച്ചു.
എംഎല്‍എ ആയ വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കാന്‍ സംസ്ഥാന സമിതിയില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ എംഎല്‍എ ആയ വ്യക്തി ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നാണ് ശിവന്‍കുട്ടിയുടെ നിലപാട്. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പുതിയ സെക്രട്ടറിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. എന്നാല്‍ യോഗത്തില്‍ ശിവന്‍കുട്ടി പങ്കെടുക്കില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ വര്‍ക്കലയില്‍ മത്സരിച്ച സാഹചര്യത്തില്‍ വി. ജോയ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയിരുന്നു. പിന്നീട് താല്‍ക്കാലികമായി എഎ റഹിമിന് ചുമതല നല്‍കിയിരുന്നു.
പാര്‍ട്ടി നേതൃത്വത്തിനുള്ളില്‍ ഉണ്ടായ ചര്‍ച്ചകള്‍ക്കൊടുവിലാണ് വീണ്ടും വി. ജോയിയെ ജില്ലാ സെക്രട്ടറിയാക്കാന്‍ തീരുമാനമായത്. ഇതോടെ തിരുവനന്തപുരം സിപിഐഎം ജില്ലാ നേതൃത്വത്തില്‍ അഭിപ്രായ ഭിന്നതകള്‍ ശക്തമായിരിക്കുകയാണ്.






