കാസർകോട്: സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ തെങ്ങ് വീണ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് മരിച്ചു. കുമ്പള പെർവാഡ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റും മത്സ്യത്തൊഴിലാളിയുമായ അബ്ദുല്ല (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്.
പെർവാഡ് പി.എസ്. ഗ്രൗണ്ടിന് സമീപം കടപ്പുറത്ത് സുഹൃത്തുക്കളായ ഇബ്രാഹിമും ഹസൈനാറും ഒപ്പമിരുന്ന് സംസാരിക്കുകയായിരുന്നു അബ്ദുല്ല. ഇതിനിടെ സമീപത്തെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടെങ്കിലും അബ്ദുല്ലയ്ക്ക് രക്ഷപ്പെടാൻ സാധിച്ചില്ല.
തെങ്ങ് ദേഹത്തുവീണ് ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: സക്കീന. മക്കൾ: ഹനീഫ, ഷംസു, അമീർ, സൈനബ, മിസ്‌രിയ, ഖദീജ.






