കാബൂൾ: പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ. 14 പേർക്ക് പരിക്കേറ്റതായും താലിബാൻ ഭരണകൂടം അറിയിച്ചു.
ഖോസ്ത്, കുനാർ, പക്തിക പ്രവിശ്യകളിലായിരുന്നു ആക്രമണമെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ചാണ് പാകിസ്താൻ ബോംബാക്രമണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും പ്രതികരിച്ചു.
മരിച്ചവരിൽ 11 കുട്ടികളുണ്ടെന്നാണ് അഫ്ഗാൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഉറക്കത്തിലായിരുന്നവർക്കു നേരെയാണ് ആക്രമണമുണ്ടായതെന്നും രക്ഷപ്പെടാൻ അവസരം ലഭിക്കാതെയാണ് പലരും കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്‌പേര ജില്ലയിൽ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ കുടുംബത്തിലെ 10 പേരിൽ ഒമ്പത് പേരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
അതേസമയം സംഭവത്തെക്കുറിച്ച് പാകിസ്താൻ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഭീകരവാദ കേന്ദ്രങ്ങളെയും തീവ്രവാദികളെയുമാണ് ലക്ഷ്യമിടുന്നതെന്നാണ് പാകിസ്താന്റെ നിലപാട്.
ഇടവേളയ്ക്ക് ശേഷം പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ ആക്രമണ ആരോപണം ഉയർന്നിരിക്കുന്നത്. ഫെബ്രുവരി അവസാനത്തിൽ പാകിസ്താൻ നടത്തിയ ആക്രമണങ്ങൾക്ക് അഫ്ഗാനിസ്ഥാൻ തിരിച്ചടി നൽകിയിരുന്നു. അതിനുശേഷവും അതിർത്തി കടന്നുള്ള ആക്രമണങ്ങളും സംഘർഷങ്ങളും തുടരുകയാണ്.
2021-ൽ താലിബാൻ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. പാകിസ്താനെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന തെഹ്‌രിക്-ഇ-താലിബാൻ ഉൾപ്പെടെയുള്ള സംഘടനകൾക്ക് അഫ്ഗാനിസ്ഥാൻ അഭയം നൽകുന്നുവെന്നാണ് പാകിസ്താന്റെ ആരോപണം. എന്നാൽ താലിബാൻ ഈ ആരോപണം നിഷേധിക്കുകയും പാകിസ്താൻ അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തെ മാനിക്കുന്നില്ലെന്ന് ആരോപിക്കുകയും ചെയ്യുന്നു.
ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം സംഘർഷങ്ങളിലായി 372 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെടുകയും 397 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.






