കോഴിക്കോട്: വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി പാലത്തും, ഊട്ടുകുളത്തും റോഡിൽ സ്ഥാപിച്ചിരിക്കുന്ന വരമ്പുകൾ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതികൾ ശക്തമാകുന്നു. വരമ്പുകൾ വ്യക്തമായി കാണുന്ന രീതിയിൽ അടയാളപ്പെടുത്താത്തതും ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് ഇവ സ്ഥാപിച്ചതെന്ന ആരോപണം നാട്ടുകാർ ഉന്നയിക്കുന്നു.
ഇരുചക്ര വാഹന യാത്രികരാണ് കൂടുതൽ അപകടങ്ങളിൽപ്പെടുന്നത്. രാത്രികാലങ്ങളിൽ വരമ്പുകൾ ശ്രദ്ധയിൽപ്പെടാതെ നിയന്ത്രണം നഷ്ടപ്പെടുന്നതിനെ തുടർന്ന് അപകടങ്ങൾ തുടർക്കഥയായിരിക്കുകയാണ്. കുമാരസ്വാമി ഭാഗത്ത് നിന്ന് നരിക്കുനി ദിശയിലേക്ക് സഞ്ചരിക്കുകയായിരുന്ന കോഴിക്കോട് പയ്യാനക്കൽ സ്വദേശിയായ ബൈക്ക് യാത്രികൻ ബസാറിലെ വരമ്പ്ശ്രദ്ധയിൽപ്പെടാതെ ബൈക്ക് മറിഞ്ഞ് വീണ് അപകടത്തിൽ പ്പെട്ടിരുന്നു.
പരിക്കേറ്റ ഇയാളെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പ്രദേശത്തെ യുവാക്കൾ വരമ്പുകൾക്ക് വെള്ളവരയിടുകയും അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്. അഫ്സൽ എൻ.പി, ഷമീർ പി.കെ, അബ്ദുൽ റഹീം, റാഷി മിസ്ബാഹി, കാമിൽ എൻ.പി, സാദിഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി വരമ്പുകൾക്ക് വ്യക്തമായ മുന്നറിയിപ്പ് അടയാളങ്ങളും റിഫ്ലക്ടീവ് പെയിന്റിംഗും നൽകുകയും ശാസ്ത്രീയമായി പുനഃക്രമീകരിക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. തുടർച്ചയായി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെയും അധികാരികളുടെയും അടിയന്തിര ഇടപെടൽ അനിവാര്യമാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.






