നീണ്ട നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നാടകീയ പ്രഖ്യാപനമാണ് ഇപ്പോൾ ആഗോള തലത്തിലെ ചർച്ചാ വിഷയം. ഇന്ത്യയ്ക്കു ചുമത്തിയ പകരം തീരുവ 18 ശതമാനമാക്കി കുറച്ചുവെന്ന് ഇന്നലെ രാത്രിയോടെ തന്നെ സമൂഹമാധ്യമക്കുറിപ്പിലൂടെ ട്രംപ് അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിനു പിന്നാലെയായിരുന്നു ഏകപക്ഷീയമായ പ്രഖ്യാപനം. തൊട്ടുപിന്നാലെ നരേന്ദ്ര മോദി കുറിച്ച സമൂഹമാധ്യമ പോസ്റ്റിൽ തീരുവ കുറച്ചതിനു നന്ദി പറയുക മാത്രമാണ് ചെയ്തത്. വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഇതിനു പിന്നാലെ വ്യാപാരകരാറിൽ ധാരണയായെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയ അധിക തീരുവ 18 ശതമാനമായി കുറക്കുമെന്ന പ്രഖ്യാപനത്തിനൊപ്പം ചർച്ചയാകുകയാണ് 50,000 കോടി ഡോളറിലധികം വിലമതിക്കുന്ന അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ നിർബന്ധിതരാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം. ട്രംപ് ഇക്കാര്യം പുറത്തുവിട്ടെങ്കിലും അദ്ദേഹത്തിന്റെ അറിയിപ്പിൽ എന്തെല്ലാം ഉൾപ്പെടുന്നു എന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ഇന്ത്യയുമായുള്ള വ്യാപാരക്കരാറിനെ കുറിച്ച് ഔദ്യോഗിക പ്രസ്താവനകൾ നടത്തുന്നതിന് പകരം ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ വഴി വിവരങ്ങൾ പുറത്തുവിടുകയായിരുന്നു. 25% പകരംതീരുവയ്ക്കു പുറമേ റഷ്യൻ എണ്ണ വാങ്ങുന്നതിനു യുഎസ് ചുമത്തിയ 25% അധികം തീരുവയും ചേർത്ത് ആകെ 50% തീരുവയാണ് ഇന്ത്യയ്ക്കുമേൽ ഓഗസ്റ്റിൽ ചുമത്തിയിരുന്നത്. ഇത് 18 ശതമാനമായി കുറയുമെന്ന് യു എസ് എംബസി വക്താവ് അറി യിച്ചിരുന്നു. ഫലത്തിൽ റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള 25% പൂർണമായും ഒഴിവായി.
റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാമെന്നും, പകരം കൂടുതൽ എണ്ണ യുഎസിൽ നിന്നും വെനസ്വേലയിൽ നിന്നും വാങ്ങാമെന്ന് മോദി ഉറപ്പുനൽകിയതായും ട്രംപ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ വിനിമയ നിരക്കിൽ 50000 കോടി ഡോളർ ഏകദേശം 45.5 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ വ്യക്തമാക്കിയ ഏകദേശം 53.5 ലക്ഷം കോടി രൂപയുടെ ആകെ സർക്കാർ ചെലവിൻ്റെ ഏകദേശം 85 ശതമാനം വരുമിത്. ഇക്കാര്യം സംവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ബജറ്റിൽ യുഎസിൽ നിന്നുള്ള ഇറക്കുമതിയുമായി ബന്ധപ്പെട്ട പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്നില്ല.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം അവരുടെ ജനങ്ങൾക്ക് പ്രയോജനകരമാണെന്നും ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ട്രംപിൻ്റെ നേതൃത്വം നിർണായകമാണെന്നും മോദി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ 50000 കോടി ഡോളറിൻ്റെ കണക്കിനെക്കുറിച്ചോ യുഎസ് ഉത്പന്നങ്ങൾ വൻതോതിൽ വാങ്ങുന്നതിനെക്കുറിച്ചോ മോദി പരാമർശിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.
50000 കോടി ഡോളറിൻ്റെ കണക്കിലെ അനിശ്ചിതത്വങ്ങൾക്കിടയിലും തീരുവ കുറയ്ക്കുന്നത് ഗുണകരമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.
സമാധാനം ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ട്രംപിന്റെ എല്ലാ ശ്രമങ്ങൾക്കും മോദി പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. എണ്ണ വാങ്ങുന്നത് നിർത്തിയെന്നതിന്റെ പരോക്ഷ സൂചനയാണോയെന്ന ചോദ്യവുമുയരുന്നുണ്ട്. ഏതൊക്കെ കാര്യത്തിലാണ് ഇന്ത്യ ഇളവുകൾ പ്രഖ്യാപിച്ചതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കാത്തതും വലിയ ചർച്ചക്കിടയാക്കിയിട്ടുണ്ട്. യുഎസ് ഉൽപന്നങ്ങൾക്ക് തീരുവ പൂജ്യമാക്കുമെന്ന പ്രഖ്യാപനം വൻകോളിക്കം സൃഷ്ടിക്കാനിടയുള്ളതാണ്.
അതേസമയം, അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടമാണ്. വ്യാപാരം ആരംഭിച്ച ആദ്യ മണിക്കൂറുകളിൽതന്നെ സെൻസെക്സ് 2,400 പോയിന്റിലധികം ഉയർന്ന് 85,000 എന്ന റെക്കോഡ് നിലവാരത്തിലേക്ക് അടുത്തിട്ടുണ്ട്. ഇന്ത്യ യുറോപ്യൻ യൂണിയൻ കരാർ വിജയിച്ചതുപോലെ യുഎസ് വ്യാപാര കരാർ വിജയിക്കുമോ എന്നത് കാത്തിരുന്നു കാണാം.




