തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വർധിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഏപ്രിലോടെ കുടിശ്ശികയായ ഡി.എ. മുഴുവൻ നൽകി തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ജീവനക്കാർക്കുള്ള വിവിധ ആനുകൂല്യങ്ങൾക്കായി അടുത്ത സാമ്പത്തിക വർഷം 23,000 കോടി രൂപ അധികമായി നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി ഈ വർഷം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
റവന്യൂ കുറവ് നികത്തുന്നതിനുള്ള ഗ്രാന്റ് നൽകേണ്ടതില്ലെന്ന ധനകാര്യ കമ്മീഷന്റെ ശുപാർശ ഉണ്ടായിരുന്നെങ്കിലും, ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. നിലവിൽ സഹായം അനുവദിച്ചിട്ടില്ലെങ്കിലും, തീരുമാനം പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
കേന്ദ്രസഹായം കുറഞ്ഞ സാഹചര്യത്തിലും ബജറ്റിലെ വകയിരുത്തലുകളിലും കണക്കുകളിലും മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും, ഇതിനൊപ്പം 168 കോടി രൂപയുടെ അധിക പദ്ധതികൾ കൂടി പ്രഖ്യാപിച്ചതായും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് ചർച്ചയെ പ്രതിപക്ഷം പൂർണമായും ബഹിഷ്കരിച്ചതിനെ ധനമന്ത്രി വിമർശിച്ചു.



