കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചതോടെയാണ് പോറ്റിക്ക് ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുക.
കട്ടിളപ്പാളി കേസിൽ കുറ്റപത്രം സമർപ്പിക്കാതിരുന്നതിനെ തുടർന്ന് 90 ദിവസത്തെ റിമാൻഡ് കാലാവധി പിന്നിട്ടതോടെ കൊല്ലം വിജിലൻസ് കോടതിയിൽ നിന്ന് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചു. ജാമ്യഹർജിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നുവെന്ന് കോടതി അറിയിച്ചു. ദ്വാരപാലക കേസിൽ നേരത്തെ തന്നെ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ ഇതിനകം മൂന്ന് പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. അതേസമയം, റിമാൻഡിലായി 43-ാം ദിവസം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിച്ചിരുന്നു.




