പാലക്കാട്: ചിറ്റിലഞ്ചേരിയിലെ ‘ഉങ്ങിൻചുവട്’ എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ ചരിത്രസാക്ഷികളായ ഉങ്ങുമരങ്ങളും, ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള പൈതൃക സ്മാരകമായ അത്താണിയും സ്വകാര്യ വ്യക്തി നശിപ്പിച്ചതായി പരാതി. റോഡരികിലെ ഉങ്ങുമരങ്ങളുടെ കൊമ്പ് മുറിക്കാനുള്ള അനുമതിയുടെ മറവിലാണ് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തുണ്ടായിരുന്ന മരങ്ങൾ പൂർണ്ണമായും മുറിച്ചുമാറ്റുകയും അത്താണി തകർക്കുകയും ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സമീപത്ത് ഇയാൾ നിർമിച്ച കെട്ടിടത്തിലേക്ക് റോഡിൽ നിന്നുള്ള കാഴ്ച ഉറപ്പാക്കുന്നതിനാണ് ഈ അതിക്രമം നടത്തിയതെന്നാണ് ആരോപണം. സംഭവത്തിൽ പഞ്ചായത്തംഗം എ. അജിത ആലത്തൂർ പോലീസിൽ പരാതി നൽകി.
ഉങ്ങുമരങ്ങൾ തിങ്ങിക്കൂടി നിന്നിരുന്നതിൽ നിന്നാണ് ഈ പ്രദേശത്തിന് ‘ഉങ്ങിൻചുവട്’ എന്ന പേര് ലഭിച്ചത്. പഴയകാലത്ത് യാത്രക്കാർ വിശ്രമിച്ചിരുന്നതും ഇവിടെയായിരുന്നു.
ഗർഭിണികൾക്ക് സുഖപ്രസവം ലഭിക്കണമെന്ന പ്രാർത്ഥനയായി ഒന്നര നൂറ്റാണ്ട് മുൻപ് കുടുംബങ്ങൾ നേർച്ചയായി സ്ഥാപിച്ചതാണ് ഇവിടെ ഉണ്ടായിരുന്ന അത്താണി.
മരങ്ങൾ മുറിക്കാൻ പഞ്ചായത്തിൽ നിന്ന് യാതൊരു അനുമതിയും നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിജുകുമാർ അറിയിച്ചു. കൊമ്പ് മുറിക്കാൻ മാത്രമാണ് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചരിത്രശേഷിപ്പുകൾ തകർത്ത സംഭവത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ചരിത്ര ഗവേഷകൻ പ്രൊഫസർ കെ. രാജൻ ആവശ്യപ്പെട്ടു. പാൽഘട്ട് ഹിസ്റ്ററി ക്ലബ് ഭാരവാഹികളായ ബോബൻ മാട്ടുമന്ത, ലിജോ പനങ്ങാടൻ എന്നിവർ ജില്ലയിൽ നിലവിൽ 140 അത്താണികൾ മാത്രമാണുള്ളതെന്നും അവയെ സംരക്ഷിത സ്മാരകങ്ങളാക്കണമെന്നും ആവശ്യപ്പെട്ടു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അത്താണി സമീപത്ത് മാറ്റി സ്ഥാപിച്ചെങ്കിലും അത് അശാസ്ത്രീയമായ രീതിയിലാണെന്നും സ്മാരകത്തിന്റെ തൂണുകൾ തകർന്ന നിലയിലാണെന്നും ആരോപണമുണ്ട്. പൈതൃക സ്മാരകങ്ങൾ തകർത്തതിനെതിരെ വരും ദിവസങ്ങളിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.






