പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 200 പേർക്കെതിരെ കേസ്. എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ ഉൾപ്പെടെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്വമേധയ കേസെടുത്തത്. രമേഷ് പിഷാരടിയുടെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് യുഡിഎഫ് പ്രവർത്തകർ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ അക്രമം അഴിച്ചുവിട്ടത്.
വോട്ടെണ്ണൽ ദിനമായ തിങ്കൾ വൈകിട്ട് 6.30നായിരുന്നു അക്രമം. വിക്‌ടോറിയ കോളേജിന് സമീപത്തുനിന്ന് തുടങ്ങിയ പ്രകടനം സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിലെത്തിയപ്പോൾ അക്രമാസക്തമായി. പിന്നാലെ പടക്കവും സോഡാ കുപ്പികളും എറിയുകയായിരുന്നു. പാർട്ടി ഓഫീസിലേക്ക് ഇരച്ചു കയറി പ്രവർത്തകരെ മർദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നിരുന്നു.


