കോഴിക്കോട് : വയനാട് കാവുമന്ദം മാടക്കുന്ന് ഭാഗത്തുള്ള റിസോർട്ടിൽ നടത്തിയ റെയ്‌ഡിൽ ഹൈബ്രിഡ് കഞ്ചാവും ചരസുമായി രണ്ടു യുവാക്കൾ പിടിയിൽ. മഹാരാഷ്ട്ര താനെ കല്ല്യാൺ ഡോംബിവ്ലി ജുനി സ്വദേശി കൃഷ്‌ണനിവാസിൽ നവീൻ യെരിസ്വാമി (27), കിഴക്കോത്ത് ചോനമണ്ണിൽ വീട്ടിൽ മുഹമ്മദ് സുരൈഫ് (24) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാം കൂട്ടായ്മയിലൂടെ പരിചയപ്പെട്ടവർ നടത്തിയ ആഘോഷത്തിനായി എത്തിയതായിരുന്നു പ്രതികൾ. പിടിക്കപ്പെട്ടവരുമായി ബന്ധപ്പെട്ട സമൂഹമാധ്യമ കൂട്ടായ്‌മകൾ കേന്ദ്രീകരിച്ചും മറ്റ് കണ്ണികളെക്കുറിച്ചും അന്വേഷണം ഊർജിതമാക്കിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ജില്ലാ അസിസ്റ്റൻ്റ് എക്സൈസ് കമീഷണർ എസ് നിജുമോന്റെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ സംഘവും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡുംചേർന്നാണ് പരിശോധന നടത്തിയത്.
ജില്ലയിലെ റിസോർട്ടുകൾ വാടകക്കെടുത്ത് ഇത്തരം ആഘോഷങ്ങൾ നടത്തുന്നതായി അന്വേഷണത്തിൽ ബോധ്യമായതായും റിസോർട്ടും മറ്റ് സ്ഥാപനങ്ങളും വാടകയ്ക്ക് നൽകുമ്പോൾ ഉടമകൾ ജാഗ്രതപുലർത്തണമെന്നും എക്സൈസ് അറിയിച്ചു.






