തൃശ്ശൂർ: തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് പോകുന്നതിനിടെ വിമാനത്തിനകത്ത് വെച്ച് മരണപ്പെട്ട കേളി പ്രവർത്തകനായ തൃശ്ശൂർ പോർക്കളം പള്ളിക്കര വീട്ടിൽ സത്യൻ വേലായുധന്റെ കുടുംബത്തിന് കേളി കുടുംബസഹായ ഫണ്ട് കൈമാറി.
തൃശ്ശൂർ പോർക്കളത്തെ സത്യന്റെ വസതിയിൽ നടന്ന ചടങ്ങിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ കുടുംബസഹായ ഫണ്ട് കൈമാറി. കേളി രക്ഷാധികാരി സമിതി അംഗവും എൻആർകെ കൺവീനറുമായ സുരേന്ദ്രൻ കൂട്ടായ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. വാസു, ജില്ലാ കമ്മിറ്റി അംഗം എം.എൻ. സത്യൻ, ഏരിയ സെക്രട്ടറി കെ. കൊച്ചനിയൻ, കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് ശാലിനി രാമകൃഷ്ണൻ, പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം സുരേഷ് ചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ശുമൈസി ആശുപത്രിയിൽ ചികിത്സ തേടിയ സത്യൻ, ആഞ്ജിയോഗ്രാം നടത്തിയ ശേഷം തുടർ ചികിത്സയ്ക്കായി റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് യാത്ര തിരിക്കവെയാണ് വിമാനത്തിനകത്ത് വെച്ച് മരണമടഞ്ഞത്.കേളി അംഗങ്ങൾക്കായി ഏർപ്പെടുത്തിയ കുടുംബസഹായ ഫണ്ടും, കേളി പൊതു സമൂഹത്തിനായി രൂപീകരിച്ച കുടുംബ സുരക്ഷാ ഫണ്ടും ചടങ്ങിൽ കുടുംബത്തിന് കൈമാറി. കേളി മുസാമിയ ഏരിയ കമ്മിറ്റി അംഗം നടരാജൻ സ്വാഗതം പറഞ്ഞു. സിപിഐഎം ലോക്കൽ സെക്രട്ടറി കെ.എം. നാരായണൻ നന്ദി പറഞ്ഞു.






