തൃശൂർ: ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്.
വീടിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി സമീപത്ത് കെട്ടിയ ഓലഷെഡ്ഡിലായിരുന്നു വിഷ്ണു രാത്രി ഉറങ്ങാൻ കിടന്നത്. രാത്രിയിലുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് പറമ്പിലുണ്ടായിരുന്ന വലിയ മരം ഷെഡ്ഡിന് മുകളിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു.
രാവിലെ വിഷ്ണുവിനെ മരത്തിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞ് നാട്ടികയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.






