കോഴിക്കോട്: താമരശ്ശേരിയിൽ ഞായറാഴ്ച ഉച്ചയോടെ നടുറോഡിലിരുന്ന് യുവാക്കൾ മദ്യപിച്ച സംഭവം നാട്ടുകാർക്ക് ആശങ്കയായി. റോഡിൽനിന്ന് മാറണമെന്ന് ആവശ്യപ്പെട്ട ലോറിഡ്രൈവറെ യുവാക്കൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
താമരശ്ശേരി കോരങ്ങാട്–കോഴിക്കൽ റോഡിൽ അൽഫോൻസാ സ്‌കൂളിന് സമീപമാണ് നടന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് താമരശ്ശേരി പി.സി. മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവർ റോഡിന്റെ നടുവിലിരുന്ന് മദ്യപാനം ആരംഭിച്ചത്. മദ്യക്കുപ്പിയും ഗ്ലാസും ടച്ചിങ്സുമായെത്തിയ ഇരുവരും പൊതുജനങ്ങൾ സഞ്ചരിക്കുന്ന റോഡിലായിരുന്നു മദ്യപിച്ചത്. ഇതിനിടെ ഇതുവഴിയെത്തിയ ഒരു ലോറിയുടെ ഡ്രൈവർ റോഡിൽനിന്ന് മാറണമെന്ന് ആവശ്യപ്പെട്ട് ഹോൺമുഴക്കിയെങ്കിലും യുവാക്കൾ വഴിമാറിയില്ല. തുടർന്ന് എഴുന്നേറ്റെത്തിയ ഇരുവരും ലോറിഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.




