ന്യൂഡല്‍ഹി: ജോലിയില്ലാത്തയാളാണെന്ന കാരണത്താല്‍ ഭാര്യയെയും മക്കളെയും സംരക്ഷിക്കാനുള്ള നിയമപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് ഭര്‍ത്താവിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി. കുടുംബത്തിന്റെ പരിപാലനച്ചെലവ് വഹിക്കേണ്ട ബാധ്യത ഭര്‍ത്താവിനുണ്ടെന്നും, ജോലി ഇല്ലെന്ന വാദം അതിന് ന്യായീകരണമാകില്ലെന്നും കോടതി നിരീക്ഷിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഷീതല്‍ ചൗധരി പ്രധാന്‍ അധ്യക്ഷയായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഗാര്‍ഹിക പീഡന നിയമപ്രകാരം നല്‍കിയ കേസില്‍ വിചാരണ കോടതിയുടെ ഉത്തരവിനെതിരെ ഭാര്യ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
കേസില്‍, ഭര്‍ത്താവ് ജോലി ഇല്ലെന്നും മറ്റ് സാമ്പത്തിക ബാധ്യതകളുണ്ടെന്നും വാദിച്ചിരുന്നു. എന്നാല്‍ അത് ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും പരിപാലിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കില്ലെന്ന് കോടതി വ്യക്തമാക്കി. സ്വന്തം ചെലവുകള്‍ നിയന്ത്രിക്കേണ്ടത് ഭര്‍ത്താവിന്റെ ഉത്തരവാദിത്തമാണ്. തൊഴിലില്ലായ്മയോ മറ്റ് ബാധ്യതകളോ ചൂണ്ടിക്കാട്ടി ഭാര്യയെയും മകനെയും സംരക്ഷിക്കേണ്ട കടമ ഒഴിവാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.




