തൃശ്ശൂർ: ടൈപ്പ്-2 പ്രമേഹ ചികിത്സയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനും ഫലപ്രദമായ സെമാഗ്ലൂറ്റൈഡ് (Semaglutide) കുത്തിവെപ്പിന്റെ വില കുറഞ്ഞ ജനറിക് പതിപ്പ് അടുത്ത മാസത്തോടെ ഇന്ത്യന്‍ വിപണിയിലെത്തും. ഹൈദരാബാദ് ആസ്ഥാനമായുള്ള നാറ്റ്കോ ഫാര്‍മയ്ക്കാണ് കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (CDSCO) ഇതിനായുള്ള അനുമതി നല്‍കിയത്.
നിലവില്‍ മരുന്നിന്റെ ഇന്ത്യന്‍ പേറ്റന്റ് കൈവശമുള്ള നോവോ നോര്‍ഡിസ്‌കിന്റെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കുന്നതോടെയാണിത്.പ്രമേഹത്തോടൊപ്പം ഹൃദ്രോഗം, പക്ഷാഘാതം എന്നിവ തടയാനും അമിതവണ്ണം കുറയ്ക്കാനും സഹായിക്കുന്ന ഈ മരുന്നിന് നിലവില്‍ 8,500 മുതല്‍ 25,000 രൂപ വരെയാണ് വിപണി വില. ജനറിക് പതിപ്പുകള്‍ എത്തുന്നതോടെ വിലയില്‍ 30 മുതല്‍ 50 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിപ്ല, സണ്‍ ഫാര്‍മ, ഡോ. റെഡ്ഡീസ് തുടങ്ങി പതിനഞ്ചോളം പ്രമുഖ കമ്പനികള്‍ ഈ മരുന്ന് പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. കൂടുതല്‍ കമ്പനികള്‍ മത്സരരംഗത്തേക്ക് വരുന്നതോടെ വരുംദിവസങ്ങളില്‍ വില ഇനിയും കുറഞ്ഞേക്കും. കടുത്ത നിയന്ത്രണങ്ങളുള്ള മരുന്നായതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത് ഉപയോഗിക്കാന്‍ പാടുള്ളൂ.




