ലണ്ടൻ: പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകളിൽ പരാമർശം വന്നതിനു പിന്നാലെ ബ്രിട്ടിഷ് രാജകുടുംബാംഗവും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനുമായ ആൻഡ്രൂ മൗണ്ട്ബാറ്റൻ-വിൻഡ്സർ അറസ്റ്റിൽ. 66ാം ജന്മദിനത്തിലാണ് ആൻഡ്രൂ അറസ്റ്റിലായത്. സർക്കാരിലെ ഔദ്യോഗിക രേഖകൾ ജെഫ്രി എപ്സ്റ്റീന് കൈമാറിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ്സറിനുമേൽ സമ്മർദമുണ്ടായിരുന്നു. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കാൻ ബക്കിങ്ങാം കൊട്ടാരം വിസമ്മതിച്ചെങ്കിലും സാക്ഷിമൊഴി നൽകുന്നത് ആൻഡ്രൂവിനും തടസ്സമില്ലെന്ന് രാജകീയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നത്.
യുകെ സർക്കാരുമായി ബന്ധപ്പെട്ട വ്യാപാര റിപ്പോർട്ടുകൾ 2010ൽ ആൻഡ്രൂ ജെഫ്രി എപ്സ്റ്റീന് കൈമാറിയെന്നാണ് കണ്ടെത്തൽ. ഈ സംഭവത്തിലാണ് പൊലീസ് ആൻഡ്രൂവിനെ അറസ്റ്റ് ചെയ്തത്. എപ്സ്റ്റീന് ഫയലുകളിൽ സ്ത്രീകൾക്കൊപ്പമുള്ള ആൻഡ്രൂ രാജകുമാരന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ആൻഡ്രൂവിന്റെ വിദേശ സന്ദർശനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ടായിരുന്നു.
ലൈംഗിക പീഡന ആരോപണങ്ങൾ നിഷേധിച്ചെങ്കിലും തെളിവുകൾ പുറത്തുവന്നതോടെ ആൻഡ്രൂവിനെതിരെ പൊതുജനവികാരം ഉയർന്നു. തുടർന്ന് 2022ൽ ആൻഡ്രൂവിന്റെ സൈനിക പദവികളും രാജകീയ രക്ഷാധികാരങ്ങളും നീക്കം ചെയ്തിരുന്നു. ചാൾസ് മൂന്നാമൻ രാജാവ് അധികാരമേറ്റശേഷവും കടുത്ത നടപടികളാണ് സഹോദരനെതിരെ സ്വീകരിച്ചത്. തുടർന്ന് ആൻഡ്രൂവിന്റെ രാജകീയ പദവി എടുത്തുമാറ്റി. കൊട്ടാരത്തിലെ താമസസ്ഥലത്തുനിന്നും പുറത്താക്കുകയും ചെയ്തു.






