ബെംഗളൂരു: മോഷണത്തിനിടെ അയൽവാസിയായ യുവാവ് വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി. ബെംഗളൂരുവിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. അസുഖബാധിതനായി വീൽ ചെയറിൽ കഴിയുകയായിരുന്ന ഭർത്താവിന്റെ മുന്നിൽവെച്ചാണ് അയൽവാസിയായ യുവാവ് വീട്ടമ്മയെ കൊലപ്പെടുത്തിയത്. സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളിൽ ഇയാളെ പോലീസ് പിടികൂടി. ശോഭ (69) ആണ് കൊല്ലപ്പെട്ടത്. 12 വർഷമായി അസുഖബാധിനായി കഴിയുന്ന ഭർത്താവിനെ പരിചരിച്ചുവരികയായിരുന്നു ശോഭ. ഇവർക്ക് മക്കളില്ല. തൊട്ടയൽപക്കത്താണ് 36-കാരനായ ശിവകുമാർ താമസിച്ചിരുന്നത്.
ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ കുടിവെള്ളം ചോദിച്ചാണ് ഇയാൾ ശോഭയുടെ വീട്ടിൽ എത്തിയത്. വെള്ളം എടുത്തുകൊടുക്കുന്നിനിടെ വീട്ടമ്മ ധരിച്ചിരിക്കുന്ന സ്വർണം കവർന്ന് ഓടിപ്പോകാനായിരുന്നു ശ്രമം. എന്നാൽ, ശോഭ എതിർത്തതോടെ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് സ്ത്രീയെ ഇയാൾ കുത്തുകയായിരുന്നു. നൂറ് ഗ്രാം സ്വർണം കവർന്ന് ഇയാൾ രക്ഷപ്പെട്ടു. സിസിടിവിയുടെ സഹായത്തോടെ ആറുമണിക്കൂറിനുള്ളിൽ പോലീസ് പ്രതിയെ പിടികൂടി.
ശരീരത്തിൽ അണിഞ്ഞിരിക്കുന്ന സ്വർണം കണ്ടാണ് പ്രതി വീട്ടമ്മയുടെ അടുക്കലേക്ക് ചെന്നത്. തനിക്ക് ഒരുപാട് കടങ്ങളുണ്ടെന്നും ലോണുകൾ തിരിച്ചടക്കാൻ വേണ്ടിയാണ് കവർച്ച നടത്തിയതെന്നും പ്രതി പോലീസിന് മൊഴിനൽകി. മോഷ്ടിച്ച സ്വർണം പോലീസ് കണ്ടെടുത്തിട്ടുണ്ട്.






