കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെയാണ് മരിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്രയേ ഉള്ളു തന്റെ ആഗ്രഹമെന്നും അതിന് പുറത്തൊന്നും താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യം പറഞ്ഞാൽ അത് വിവാദമാക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും, അല്ലാത്തപക്ഷം ഉത്തരേന്ത്യൻ മാധ്യമങ്ങൾ ‘സുരേഷ് ഗോപി രാജിവച്ചു, ഗുരുവായൂർ ദേവസ്വം ചെയർമാനായി’ എന്ന രീതിയിൽ വാർത്ത നൽകുമെന്നും അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു.
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രിയായ സുരേഷ് ഗോപി കൊച്ചി മറൈൻ ഡ്രൈവിലെ താജ് വിവാന്തയിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച ‘ദേവി അവാർഡ്’ ചടങ്ങിൽ സംസാരിക്കുകയായിരുന്നു.
സ്ത്രീകൾ ഇന്ന് വെറും വികസന ഗുണഭോക്താക്കളല്ല, ഇന്ത്യയുടെ പുരോഗതിയുടെ ശില്പികളായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണം എന്നത് അധികാരം നൽകി ശക്തിപ്പെടുത്തുന്നതല്ല, മറിച്ച് അവർക്കുള്ളിൽ നിക്ഷിപ്തമായ കരുത്തിനെ തിരിച്ചറിയലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ബഹിരാകാശ ദൗത്യങ്ങൾ വരെ, സ്റ്റാർട്ടപ്പുകളിൽ നിന്ന് ഗവേഷണ മേഖലയിലേക്ക് വരെ സ്ത്രീകൾ രാജ്യത്തിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്വയംപര്യാപ്തവും വികസിതവുമായ ഇന്ത്യയെ നിർമ്മിക്കാൻ സ്ത്രീകളുടെ സജീവ പങ്കാളിത്തവും നേതൃത്വവും നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച വനിതാ പ്രതിഭകൾക്ക് ചടങ്ങിൽ മന്ത്രി അവാർഡുകൾ വിതരണം ചെയ്തു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളിൽ നിന്ന് അത്യാധുനിക സാങ്കേതിക രംഗങ്ങളിലേക്കും സ്ത്രീകളുടെ നേതൃത്വം ശക്തമായി പ്രകടമാകുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു.






