കഴിഞ്ഞ ദിവസം വാർത്തകളിൽ കേട്ട പേരായിരിക്കും കേരള നേറ്റിവിറ്റി കാർഡ്. മന്ത്രി കെ രാജൻ ഇത് നിയമസഭയിൽ അവതരിപ്പിച്ചതോടെയാണ് സംഗതി വീണ്ടും ചർച്ചകളിൽ നിറഞ്ഞത്. കേന്ദ്ര സർക്കാരിന്റെ പൗരത്വ രേഖകളിൽ ആശങ്കപ്പെട്ടിരിക്കുന്നവർക്ക് മുന്നിലേക്കാണ് കേരളത്തിന്റെ കാർഡ് കൂടി വരുന്നത്. പ്രത്യേക പൗരത്വ രേഖയിറക്കാൻ കേരളമെന്താ വേറെ രാജ്യമാണോ? എന്താണ് പുതിയ കേരള നേറ്റിവിറ്റി കാർഡ്? ആർക്കൊക്കെ ഇത് ലഭിക്കും? കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ ഭേദഗതി നിയമങ്ങളിലും എസ്‌ഐആർ അടിസ്ഥാനമാക്കിയുള്ള വോട്ടർ പട്ടികളിലും ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കാനും ഒരാൾക്ക് താൻ കേരളീയനാണെന്ന് അഭിമാനത്തോടെ പറയാനും വേണ്ടിയാണ് ഈ നീക്കമെന്നാണ് ബിൽ അവതരിപ്പിച്ച മന്ത്രി കെ രാജൻ പറഞ്ഞത്. ഒപ്പം ബിൽ അവതരിപ്പിച്ചപ്പോൾ കൂടെ നിൽക്കാത്തതിന് പ്രതിപക്ഷത്തിനിട്ട് ഒരു കൊട്ടും കൊടുത്തിട്ടുണ്ട്.
ഒരാൾ കേരളീയനാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിന് നിലവിൽ സംസ്ഥാന സർക്കാർ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ മാതൃകയിലാണ് പുതിയ കാർഡ് രൂപകൽപ്പന. അതായത് ഇനി മുതൽ കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് മാറും. ഇനി ആരെല്ലാം ഈ നേറ്റിവിറ്റി കാർഡിന്റെ പരിധിയിൽ വരും എന്ന് നോക്കാം. നേറ്റീവ് എന്നാൽ കേരളത്തിൽ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരും തങ്ങളുടെ പൂർവ്വികരിൽ ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ പൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടാകില്ല. കാർഡ് ലഭിച്ചതിന് ശേഷം വിദേശ പൗരത്വം സ്വീകരിച്ചവരുടെ കാർഡ് അസാധുവാകും. തൊഴിൽ സംബന്ധമായോ ജീവനോപാധി സംബന്ധമായ മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂർവികരോ കേരളത്തിനും പുറത്തായിരിക്കുമ്പോൾ അവിടെ ജനിച്ചവരേയും (വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവർ) നേറ്റീവ് ആയി കണക്കാക്കും.
കാർഡ് ആവശ്യമുള്ളവർക്ക് തഹസിൽദാർ മുമ്പാകെ അപേക്ഷ സമർപ്പിക്കാം. നിലവിൽ ഉള്ള വിവരങ്ങൾക്ക് പുറമേ സർക്കാർ കാലാകാലങ്ങളിൽ ചേർക്കുന്ന വിവരങ്ങളും കാർഡിൽ ഉൾപ്പെടുത്തും. നേറ്റീവ് കാർഡുകൾ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസുകളിൽ സൂക്ഷിക്കണം എന്നും നിയമത്തിൽ പറയുന്നു. തെറ്റായ വിവരങ്ങൾ നൽകി കള്ളത്തരം കാണിച്ചാൽ മൂന്നുമാസംവരെ ജയിൽശിക്ഷയോ അയ്യായിരം രൂപ പിഴയോ രണ്ടും കൂടിയ ശിക്ഷയോ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി മറ്റു രേഖകൾക്കൊപ്പം നേറ്റിവിറ്റി കാർഡ് ഉപയോഗിക്കാൻ സർക്കാരിനു വിജ്ഞാപനമിറക്കാം. അത് ഏതൊക്കെയാണെന്ന് വരും ദിവസങ്ങളിൽ അറിയാം.
നേറ്റിവിറ്റി കാര്‍ഡ് ആവശ്യമുള്ള ഏതൊരു വ്യക്തിയും നിര്‍ണയിക്കപ്പെട്ട രീതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മുമ്പാകെ നിശ്ചിതഫോറത്തില്‍ രേഖകളും ഫീസും സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ജില്ലാ കളക്ടര്‍ക്ക് കക്ഷിയുടെ അപേക്ഷ പ്രകാരം റവന്യു ഡിവിഷണല്‍ ഓഫീസര്‍ കൈക്കൊണ്ട തീരുമാനമോ, പാസാക്കിയ ഉത്തരവോ പുനപരിശോധിക്കാവുന്നതും റദ്ദുചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യാവുന്നതുമാണ്. എന്നാൽ കക്ഷിക്ക് തന്റെ ന്യായം വിശദീകരിക്കാനുള്ള അവസരം ഉണ്ടായിരിക്കും.
ഓർക്കുക, ഇത് ഇന്ത്യൻ പൗരത്വ നിയമത്തിന്റേയോ രേഖകളുടേയോ ബദലല്ല, പകരം ഒരാളുടെ കേരളീയത ഉയർത്തിപ്പിടിക്കുന്നതിനുള്ള സംസ്ഥാന രേഖ മാത്രമാണ്. ഇതിന് കേന്ദ്രത്തിന്റെ എസ്ഐആറുമായി യാതൊരുൂ ബന്ധവുമില്ലെന്നും ഭീതി വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. പല കാര്യങ്ങൾക്ക് പലപ്പോഴായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുക എന്ന തലവേദനയ്ക്ക് ഇതോടെ പരിഹാരമാകുമെന്ന് പ്രത്യാശിക്കാം.




