കൊച്ചി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി മോഹികള്‍ക്കെതിരെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് മുതിര്‍ന്ന നേതാവും എംപിയുമായ ബെന്നി ബഹന്നാന്‍. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ വേദനാജനകമാണ്. നേതൃത്വത്തിന്റെ തീരുമാനം വരെ കാത്തിരിക്കുകയാണ് നേതാക്കള്‍ ചെയ്യേണ്ടത്. കോണ്‍ഗ്രസിലെ തെറ്റായ പ്രവണത ചൂണ്ടിക്കാട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ബെന്നി ബഹന്നാന്‍ കത്തയക്കുകയും ചെയ്തു.
മുഖ്യമന്ത്രി പദത്തിനായുള്ള അവകാശവാദം സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ കൊഴുക്കുന്നു. ഇത്തരമൊരു പ്രവണത മുന്‍കാലത്ത് ഉണ്ടായിരുന്നില്ല. ഇത് പാര്‍ട്ടിയെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കും. തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പെ പാര്‍ട്ടിക്കകത്ത് ഇതേചൊല്ലി ആഭ്യന്തരപ്രശ്നങ്ങളുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ വഴിവയ്ക്കുമെന്നും അദ്ദേഹം പറയുന്നു.


