പത്തനംതിട്ട: അയ്യപ്പന്റെ ജന്മദിനമായ ഏപ്രിൽ ഒന്നിന് കേരളത്തിലെ വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചെങ്ങന്നൂരിൽ ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ ‘വിശ്വാസ ജനസഭ’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ ഒന്നിനാണ് പൈങ്കുനി ഉത്രം ദിനം. സൂര്യൻ ഉദിക്കുമ്പോൾ മുതൽ വൈകിട്ട് ഹരിവരാസനം പാടുന്നതുവരെ ദീപം തെളിയിക്കണം. വിശ്വാസികളെ നശിപ്പിക്കാൻ മുതിർന്നവർക്കുള്ള ചിതയൊരുക്കുന്ന അഗ്നിയാണതെന്ന് വിളിച്ചു പറയാൻ നമുക്ക് സാധിക്കണം. കേരളത്തിലെ ഈ ദീപപ്രഭ മകരവിളക്കിൻറെ പ്രഭ പോലെ തെളിഞ്ഞു നിൽക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും അയ്യപ്പന് മുകളിലല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.






