ദുബായ്: ഇറാന്റെ മിസൈൽ ആക്രമണത്തെ ശക്തമായി ചെറുത്തതായി യുഎഇ അറിയിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തി പൂർണമായും അടച്ചതായും ദേശീയ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായും അധികൃതർ വ്യക്തമാക്കി.
ദുബായ് വിമാനത്താവളം, ബുർജ് അൽ അറബ്, ജബൽഅലി തുറമുഖം എന്നിവിടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു. യുഎഇയിൽ സ്‌കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓൺലൈൻ പഠനം നിർദേശിച്ചു.
മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് യുഎഇയിൽ രണ്ടുപേർ മരണപ്പെട്ടു. ഒരാൾ അബുദാബി വിമാനത്താവളത്തിലും മറ്റൊരാൾ ജബൽ അലിയിലും ആണ് മരിച്ചത്. 11 പേർക്ക് പരിക്കേറ്റതായി ആരോഗ്യവകുപ്പ് അറിയിച്ചു. ജനവാസമേഖലകളിലേക്കും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചെങ്കിലും മറ്റ് സ്ഥലങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ വിവരമനുസരിച്ച്, വ്യോമസേനയും വ്യോമപ്രതിരോധ സേനയും ചേർന്ന് 137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളും തടഞ്ഞു. ഇതിൽ 132 മിസൈലുകൾ നശിപ്പിച്ചതായും അഞ്ചെണ്ണം കടലിൽ പതിച്ചതായും അറിയിച്ചു. 195 ഇറാൻ ഡ്രോണുകൾ തകർത്തതായും 14 എണ്ണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചതായും വ്യക്തമാക്കി. നിരവധി സ്ഥലങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
ആക്രമണങ്ങൾ തുടരുന്നതിനിടയിലും വിമാനത്താവളങ്ങളും എയർലൈനുകളും സേവനങ്ങൾ പുനഃക്രമീകരിക്കാൻ ഏകോപനം തുടരുകയാണ്. വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്ര തടസ്സപ്പെട്ട ട്രാൻസിറ്റ് യാത്രക്കാരടക്കം ഏകദേശം 20,200 പേർക്ക് താത്കാലിക താമസവും ഭക്ഷണ സൗകര്യവും ഒരുക്കിയതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ)യും അറിയിച്ചു.






