ഇടുക്കി: അങ്കമാലി-ശബരി റെയിൽവേ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായി റെയിൽവേ കടന്നുപോകുന്ന ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിനാണ് ട്രാൻസ്‌പോർട്ട് വകുപ്പ് ഉത്തരവിറക്കിയത്.
ആകെ 3,800.9 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പകുതി തുകയായ 1,900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും. കിഫ്ബി വഴിയുള്ള സാമ്പത്തിക സഹായത്തോടെയായിരിക്കും ഈ തുക കണ്ടെത്തുക. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവും ഇതിൽ ഉൾപ്പെടും. റെയിൽവേ മന്ത്രാലയത്തെ ഈ തീരുമാനം നേരത്തെ അറിയിച്ചിരുന്നു.
മൂന്ന് ജില്ലകളിലായി ആകെ 305.71 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുക. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ജില്ലാ കളക്ടർമാർ സർക്കാരിന് സമർപ്പിച്ചിരുന്നു.
അംഗീകരിച്ച അലൈൻമെന്റ് പ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ റവന്യൂ അധികൃതർക്ക് സർക്കാർ കർശന നിർദ്ദേശം നൽകി. നിയമപരമായ വിജ്ഞാപനങ്ങൾ എത്രയും വേഗം പ്രസിദ്ധീകരിച്ച് ഭൂമി കൈമാറാനാണ് ലക്ഷ്യമിടുന്നത്. അഡീഷണൽ സെക്രട്ടറി കെ.എസ് വിജയശ്രീയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ശബരി പാത യാഥാർഥ്യമാകുന്നതോടെ ശബരിമല തീർഥാടകർക്ക് മാത്രമല്ല, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ കിഴക്കൻ മേഖലയുടെ വികസനത്തിനും വലിയ കുതിച്ചുചാട്ടമുണ്ടാകും. ചരക്ക് നീക്കത്തിനും ടൂറിസം മേഖലയ്ക്കും ഈ റെയിൽവേ ലൈൻ പുതിയ വാതായനങ്ങൾ തുറക്കും. കിഴക്കൻ മേഖലയിലെ റെയിൽവേ ബന്ധമില്ലാത്ത പ്രധാന ടൗണുകൾ ഇതോടെ റെയിൽവേ മാപ്പിൽ ഇടംപിടിക്കും.



