ബെംഗളൂരു: ബെംഗളൂരു കൃഷ്ണരാജപുരത്ത് നടുറോഡിലെ തർക്കം പരിഹരിക്കാൻ ശ്രമിച്ച വിദ്യാർഥിയെ വനിതാ ട്രാഫിക് എസ്‌ഐ മർദിച്ചതായി പരാതി. കെആർ പുരം ട്രാഫിക് സ്റ്റേഷനിലെ വനിതാ എസ്‌ഐ നയനയാണ് നാട്ടുകാർ നോക്കിനിൽക്കെ രാഹുൽ എന്ന വിദ്യാർഥിയുടെ മുഖത്തടിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ രാഹുലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതായും റിപ്പോർട്ടുണ്ട്.
ഈ മാസം 12ന് രാവിലെ 8.20ഓടെയാണ് സംഭവം. കെആർ പുരത്തെ ബട്ടരഹള്ളി റോഡിലെ സിഗ്നലിൽ രണ്ട് കാറുടമകൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതുവഴി കടന്നുപോകുകയായിരുന്ന രാഹുൽ തർക്കം പരിഹരിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് സ്ഥലത്തെത്തിയ വനിതാ എസ്‌ഐ നയന രാഹുലിനോട് തട്ടിക്കയറിയതെന്നാണ് ആരോപണം.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് രാഹുൽ വിശദീകരിച്ചെങ്കിലും എസ്‌ഐ ഇത് പരിഗണിക്കാതെ ആളുകൾ നോക്കിനിൽക്കെ മുഖത്തടിച്ചതായും ഫോൺ തകർത്തതായും പരാതിയുണ്ട്.
തുടർന്ന് രാഹുലിനെയും കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ എസ്‌ഐ നിർദേശിച്ചതായാണ് വിവരം. രാഹുൽ ഉൾപ്പെടെയുള്ളവർ ബോഡി ഷെയ്മിങ് നടത്തിയെന്നും തന്നെ അപമാനിച്ചെന്നുമാണ് എസ്‌ഐയുടെ ആരോപണം.
അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദം ശക്തമായി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് അന്വേഷണം ആരംഭിച്ചു.



