കൊച്ചി: അങ്കമാലിയിൽ ബികോം വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൻ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന ഡോക്ടർ സിറിയക് പി. ജോർജിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ് അറിയിച്ചു. അപകടം നടന്നിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും സിറിയക് ഒളിവിൽ തുടരുകയാണ്. ഇന്നലെ കോട്ടയം അതിരമ്പുഴയിലെ സിറിയക്കിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഡോക്ടറെ ഇതുവരെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്.
കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തുറവൂരിൽ നിന്ന് വാഹനം കണ്ടെത്തി. കോട്ടയം അതിരമ്പുഴ സ്വദേശിയായ ഡോ. സിറിയക് പി. ജോർജാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ചാലാക്കൽ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസി വിദ്യാർത്ഥിയാണ് സിറിയക്. അപകടസമയത്ത് കാറിൽ സുഹൃത്തും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചിരുന്നുവെന്നതിന് തെളിവില്ലെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെന്നും അങ്കമാലി എസ്.എച്ച്.ഒ അറിയിച്ചു.
എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ ഫെബ്രുവരി 28ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാറിടിച്ച് ഗുരുതരമായി തലക്ക് പരിക്കേറ്റ ജാസ്ലിയയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്കമരണം സംഭവിച്ചു. പിന്നീട് അവയവദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകി ജാസ്ലിയ വിടവാങ്ങി.



