കൊച്ചി: കെഎസ്ആർടിസി പ്രീമിയം ബിസിനസ് ക്ലാസ് ബസ് സർവീസ് ഈ മാസം 15ഓടെ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. എറണാകുളത്തെ നവീകരിച്ച കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടന വേദിയിലായിരുന്നു പ്രഖ്യാപനം.
പാൻട്രി, ടോയ്ലറ്റ്, വൈഫൈ, ചാർജിംഗ് സംവിധാനം, വ്യക്തിഗത ടിവി തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ 25 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബസുകളായിരിക്കും സർവീസിന് ഉപയോഗിക്കുക. യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ഭക്ഷണവും മുൻകൂട്ടി ബുക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. ഡ്രൈവറിനൊപ്പം യാത്രക്കാരെ സഹായിക്കാൻ ‘ബസ് ഹോസ്റ്റസ്’ സംവിധാനവും ഉണ്ടാകും.
ആദ്യ സർവീസ് തിരുവനന്തപുരം– കൊച്ചി റൂട്ടിലായിരിക്കും. പുതിയ ദേശീയപാത വികസനം പൂർത്തിയായാൽ ഈ റൂട്ടിൽ യാത്ര ഏകദേശം മൂന്നര മുതൽ നാല് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം കെഎസ്ആർടിസിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ എഐ അടിസ്ഥാനത്തിലുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഗതാഗതക്കുരുക്ക് മുൻകൂട്ടി തിരിച്ചറിഞ്ഞ് ബസ് ഷെഡ്യൂൾ ക്രമീകരിക്കുന്ന സംവിധാനം ഇതിൽ ഉൾപ്പെടും. പരിപാടിയിൽ സംസാരിച്ച ഹൈബി ഈടൻ എംപി, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കിയതിനായി മന്ത്രി ഗണേഷ്‌കുമാറിനെ പ്രശംസിച്ചു.






