കോഴിക്കോട്: കോഴിക്കോട് വാണിമേലിൽ പക്വായി പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ നാട്ടുകാർ തമ്മിൽ കൂട്ടത്തല്ല്. വാണിമേൽ പഞ്ചായത്തെയും നരിപ്പറ്റ പഞ്ചായത്തെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉദ്ഘാടന വേളയിലാണ് സംഘർഷം ഉണ്ടായത്. ഉദ്ഘാടനത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.
പാലത്തിന്റെ ഒരു ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയാക്കാത്തതിനെതിരെ നാട്ടുകാർ ഉദ്ഘാടന സമയത്ത് തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ പ്രതിഷേധം നടക്കുന്ന പ്രദേശത്തിന് സമീപം പടക്കം പൊട്ടിക്കാൻ ശ്രമിച്ചതോടെയാണ് വാക്കേറ്റം സംഘർഷമായി മാറിയത്.
2018ലെ പ്രളയത്തിൽ തകർന്ന പക്വായി പാലമാണ് ഇപ്പോൾ പുതുക്കി നിർമിച്ച് തുറന്നത്. വാണിമേൽ ഭാഗത്തെ നിർമാണം പൂർത്തിയായിരുന്നുവെങ്കിലും നരിപ്പറ്റ പഞ്ചായത്തിന്റെ ഭാഗത്തെ അപ്രോച്ച് റോഡിന്റെ പണി പൂർത്തിയാകുന്നതിന് മുൻപായിരുന്നു ഉദ്ഘാടനം നടത്തിയത്. ഇതിനെതിരെ പ്രദേശവാസികൾ നേരത്തെ തന്നെ പ്രതിഷേധം അറിയിച്ചിരുന്നു. ഇ.കെ. വിജയൻ എംഎൽഎയാണ് പാലം ഉദ്ഘാടനം ചെയ്തത്.






