കണ്ണൂര്‍: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം തീരുമാനമാകാതെ ഇഴയുന്നതിനിടെ കണ്ണൂരില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയും എന്ന പ്രതീക്ഷ 110 ശതമാനം ഉണ്ട്. കണ്ണൂരില്‍ മത്സരിക്കുമെന്ന് മൂന്ന് വട്ടം കെ സുധാകരന്‍ ആവര്‍ത്തിച്ചു. നേരത്തേ തന്നെ പലവട്ടം ഈ താല്‍പര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്.
എംപി സ്ഥാനത്തിരിക്കുന്നവര്‍ മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ തീരുമാനത്തില്‍ എത്തിയിട്ടില്ല. സ്‌ക്രീനിങ് കമ്മിറ്റി യോഗം ഉള്‍പ്പെടെ ചേരാനിരിക്കെയാണ് സുധാകരന്‍ ഇപ്പോള്‍ സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണ്.






