കോഴിക്കോട്: തീവണ്ടിയിൽ യുവതി ഉപേക്ഷിച്ച എട്ടുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ യാത്രക്കാരൻ റെയിൽവേ അധികൃതർക്ക് കൈമാറി. തിങ്കളാഴ്ച രാവിലെ 10.10ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട കോഴിക്കോട്–ഷൊർണൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം.
ട്രെയിനിൽ കയറിയ യുവതി കുഞ്ഞിനെ സീറ്റിൽ കിടത്തി “ടോയ്‌ലറ്റിൽ പോയി വരാം, ഒന്ന് നോക്കണം” എന്ന് പറഞ്ഞ് സമീപ യാത്രക്കാരന്റെ കൈയിൽ ഏൽപ്പിച്ച ശേഷം പുറത്തേക്കുപോയി. ട്രെയിൻ പുറപ്പെട്ടിട്ടും യുവതി തിരിച്ചെത്താതിരുന്നതോടെ കുഞ്ഞുമായി എന്തുചെയ്യണമെന്നറിയാതെ യാത്രക്കാരൻ ആശങ്കയിലായി.
ട്രെയിൻ രാവിലെ 10.23ഓടെ ഫറോക്ക് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ യാത്രക്കാരൻ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചു. തുടർന്ന് കുഞ്ഞിനെ സ്റ്റേഷൻ മാസ്റ്റർ ഏറ്റുവാങ്ങി. പിന്നീട് കോഴിക്കോട് റെയിൽവേ പൊലീസും റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകരും ചേർന്ന് കുട്ടിയെ സ്റ്റേഷൻ മാസ്റ്ററിൽ നിന്ന് ഏറ്റെടുത്തു.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ തിരച്ചിലിനിടെ യുവതിയെ പിന്നീട് കണ്ടെത്തി. കുട്ടിയെ ഒരാൾക്ക് ഏൽപ്പിച്ചുവെന്നാണ് അവർ പൊലീസിനോട് പറഞ്ഞത്. യുവതിക്ക് മാനസികാസ്വസ്ഥ്യമുണ്ടാകാമെന്ന സംശയം ഉയർന്നിട്ടുണ്ട്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചുവരുന്ന ഇവർ മുമ്പും സമാനമായ സംഭവം നടത്തിയിട്ടുണ്ടെന്നാണ് വിവരം.
കുഞ്ഞിനെ സെന്റ് വിൻസന്റ് ഹോമിന്റെ കീഴിൽ ആറുവയസ്സിന് താഴെയുള്ള കുട്ടികളെ പാർപ്പിക്കുന്ന ഹോംലി ഹോമിലേക്ക് മാറ്റി. ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കുഞ്ഞിനെ അമ്മയ്ക്ക് തിരികെ കൈമാറണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.






