ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മസ്സൂറിയിൽ ഭർത്താവിനൊപ്പം വിനോദയാത്രയ്ക്കെത്തിയ യുവതിയെ ഹോംസ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐടി പ്രൊഫഷണലായ പി. രാധ ഗായത്രി (27) ആണ് മരിച്ചത്. ഗായത്രി ഗുഡ്ഗാവിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭർത്താവ് സൗമ്യ ശ്രീചരണിനൊപ്പമാണ് അവർ വിനോദയാത്രയ്ക്കായി മസ്സൂറിയിൽ എത്തിയത്. തിപ്രിധറിലുള്ള കിയാന ഹോംസ്റ്റേയിലെ “ബ്ലിസ്” മുറിയിലാണ് ഇരുവരും താമസിച്ചിരുന്നത്.
ജൂൺ 14-ന് രാത്രി ഇവർ ഹോംസ്റ്റേയിൽ എത്തുകയും തുടർന്ന് മദ്യപിച്ചതിനുശേഷം പുലർച്ചെ 3.30ഓടെ ഉറങ്ങാൻ പോയതായും ഭർത്താവ് പോലീസിന് മൊഴി നൽകി. രാവിലെ ഉണർന്നപ്പോൾ ഭാര്യയെ വസ്ത്രങ്ങളില്ലാത്ത നിലയിൽ മുറിയിലെ നിലത്ത് വീണുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.
മുറിയിൽ നിന്നു രണ്ട് ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണസാധനങ്ങളും പോലീസ് കണ്ടെടുത്തു. സംഭവ സ്ഥലത്ത് രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഡെറാഡൂണിലെ കൊറോണേഷൻ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമാക്കാൻ വിദഗ്ധ ഡോക്ടർമാരുടെ പാനൽ പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.






