പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കി. ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിനെത്തുടർന്നാണ് നടപടി. ജില്ലാ കമ്മിറ്റി എടുക്കുന്ന പ്രധാന തീരുമാനങ്ങൾ ഈ ഗ്രൂപ്പിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആ വിവരങ്ങൾ പദ്മകുമാർ അറിയേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി ഗ്രൂപ്പിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് വിവരം.
ജില്ലാ കമ്മിറ്റി അംഗമായി ഇപ്പോഴും തുടരുന്ന പദ്മകുമാർ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാൻ എത്തിയാൽ അത് പാർട്ടിക്ക് തിരിച്ചടിയാകാമെന്ന വിലയിരുത്തലും പാർട്ടിയിൽ ഉണ്ട്. ഗ്രൂപ്പിൽ നിന്ന് നീക്കിയതിനു പുറമെ മറ്റ് നടപടികൾ സ്വീകരിക്കണമോയെന്ന് പാർട്ടിയിൽ ചർച്ചകൾ നടക്കുന്നതായും സൂചനയുണ്ട്. പദ്മകുമാറിനെതിരെ ആരോപണങ്ങൾ ഉയർന്നതു മുതൽ പാർട്ടി അദ്ദേഹത്തെ പ്രതിരോധിച്ചായിരുന്നു മുന്നോട്ട് പോയത്. അറസ്റ്റിലായതിനാൽ അദ്ദേഹത്തിന്റെ വിശദീകരണം നേരത്തെ തേടാനായിരുന്നില്ല.
ഇപ്പോൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വിശദീകരണം തേടാൻ പാർട്ടി ശ്രമിക്കുമെന്നാണ് വിവരം. കുറ്റപത്രത്തിൽ ഭരണപരമായ വീഴ്ച മാത്രമാണെങ്കിൽ കടുത്ത നടപടി ഉണ്ടാകില്ലെന്ന സൂചനയും ഉണ്ട്.
അതേസമയം, സ്വർണക്കൊള്ളക്കേസിൽ 90 ദിവസം ജയിലിൽ കഴിഞ്ഞ ഒരാളെ ഇപ്പോഴും ജില്ലാ കമ്മിറ്റിയിൽ തുടരാൻ അനുവദിക്കുന്നത് പ്രതിപക്ഷം തിരഞ്ഞെടുപ്പ് സമയത്ത് വിമർശനമായി ഉയർത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലും പാർട്ടിയിൽ നടക്കുന്നു. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി തീരുമാനിക്കുമെന്നാണ് സൂചന.






