കോഴിക്കോട്: നഴ്സുമാരുടെ സമരം ശക്തമായതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ബുധനാഴ്ചയും വലിയ രീതിയിൽ ബാധിച്ചു. നഗരത്തിലെ പ്രധാന ആശുപത്രികളിലൊന്നും കാഷ്വാലിറ്റി വിഭാഗത്തിൽ പുതിയ രോഗികളെ പ്രവേശിപ്പിച്ചില്ല. മുമ്പ് പ്രവേശിപ്പിച്ച അടിയന്തര ശ്രദ്ധ ആവശ്യമായ രോഗികൾക്കു മാത്രമാണ് പല ആശുപത്രികളിലും ചികിത്സ തുടരുന്നത്.
സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടതോടെ അവിടങ്ങളിലേക്കെത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതോടെ ഉൾപ്രദേശങ്ങളിലെ ചെറിയ ആശുപത്രികളിൽ തിരക്ക് വർധിച്ചു. പലരും നഗരത്തിലെ വലിയ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുവരാതെ നാട്ടിലെ ആശുപത്രികളിൽ തന്നെ പ്രവേശിപ്പിക്കുകയാണ്. പ്രസവം ഉൾപ്പെടെയുള്ള ചികിത്സകൾക്കായി പലരും ഇപ്പോൾ ഉൾപ്രദേശങ്ങളിലെ ആശുപത്രികളെ ആശ്രയിക്കുകയാണ്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി വിഭാഗത്തിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലും രോഗികളുടെ തിരക്ക് കൂടുതലാണ്. സ്വകാര്യ ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളും ഇവിടെ എത്തുന്നുണ്ട്. അതേസമയം, പല സ്വകാര്യ ആശുപത്രികളിലും ഒ.പി. വിഭാഗം സാധാരണ പോലെ പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ചയെ അപേക്ഷിച്ച് കൂടുതൽ നഴ്സുമാർ ഡ്യൂട്ടിക്കെത്തിയതിനാൽ ചില ആശുപത്രികളിൽ എമർജൻസി വിഭാഗം ബുധനാഴ്ച ഭാഗികമായി പ്രവർത്തിച്ചു. കാഷ്വാലിറ്റിയിൽ എത്തുന്ന രോഗികൾക്ക് പ്രാഥമിക ചികിത്സ നൽകി മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്തതായും അധികൃതർ അറിയിച്ചു.






