ന്യൂഡൽഹി: ആർത്തവാവധി നിയമപരമായി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. ഇത്തരമൊരു നിയമം കൊണ്ടുവന്നാൽ തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കുന്നതിൽ വിമുഖത കാണിക്കാമെന്നും അദ്ദേഹം നിരീക്ഷിച്ചു.
അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആർത്തവാവധി നിർബന്ധമാക്കിയാൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്നോ ആർത്തവം ഒരു ദൗർബല്യമാണെന്നോ ഉള്ള തെറ്റായ ധാരണ സമൂഹത്തിൽ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
തൊഴിലുടമകളുടെ നിലപാട് പരിഗണിക്കാതെ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് അപകടകരമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമപരമായി നിർബന്ധമാക്കിയാൽ ജുഡീഷ്യറിയിലോ സർക്കാർ സർവീസിലോ പോലും സ്ത്രീകൾക്ക് തൊഴിൽ ലഭിക്കുന്നത് ബുദ്ധിമുട്ടാകുന്ന സാഹചര്യം ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ കേരളത്തിലെ സർക്കാർ സർവകലാശാലകളിൽ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച കാര്യം സീനിയർ അഭിഭാഷകൻ എം.ആർ. ഷംഷാദ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് ലിംഗനീതിയിലൂന്നിയ സമൂഹം സൃഷ്ടിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില സ്വകാര്യ കമ്പനികളും സമാനമായ ഇളവുകൾ നൽകുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം, ജനുവരിയിൽ സുപ്രീം കോടതി നടത്തിയ മറ്റൊരു നിരീക്ഷണത്തിൽ പെൺകുട്ടികളുടെ ജീവിക്കാനുള്ള അവകാശം, അന്തസ്സ്, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുമായി ആർത്തവ ശുചിത്വം അടുത്ത് ബന്ധപ്പെടുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു. ഭരണഘടനയിലെ 21-ാം അനുച്ഛേദപ്രകാരം സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനുള്ള ബാധ്യത സർക്കാരുകൾക്കുണ്ടെന്നും ജസ്റ്റിസുമാരായ ജെ.ബി. പാർഡിവാലയും ആർ. മഹാദേവനും ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചിരുന്നു.
ഇതിന്റെ ഭാഗമായി സൗജന്യ സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യുക, വൃത്തിയുള്ള ശുചിമുറികൾ ഉറപ്പാക്കുക, ആർത്തവാരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണം ശക്തമാക്കുക എന്നിവക്ക് എല്ലാ സർക്കാരുകളും നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.






