കൊല്ലം: പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ കയ്യോടെ പിടികൂടി ചോദ്യം ചെയ്ത് പെൺകുട്ടി. കൊട്ടാരക്കരയിലാണ് സംഭവം. പുനലൂർ സ്വദേശി ശിവപ്രസാദിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.
സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിനെതിരായ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കോളേജ് പരിസരത്താണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയതെന്ന് പെൺകുട്ടി പറഞ്ഞു.
പെൺകുട്ടികൾക്ക് സമീപത്ത് എത്തി നഗ്നത പ്രദർശിപ്പിച്ചതോടെ ഒരാൾ പ്രതികരിക്കുകയും ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടി ഇയാളെ പിന്തുടർന്ന് പിടികൂടി ചോദ്യം ചെയ്തു.
യുവാവിനെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ പെൺകുട്ടി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. വീഡിയോയിൽ താൻ മൂത്രമൊഴിക്കാൻ എത്തിയതാണെന്നും വീഡിയോ പുറത്തുവിട്ടാൽ ജീവനൊടുക്കുമെന്ന് യുവാവ് പറയുന്നതും കാണാം. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.






