വാഷിങ്ടൺ: ഇറാന്റെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഖാർഗ് ദ്വീപിൽ വ്യോമാക്രമണം നടത്തിയതായി അറിയിച്ചതിന് പിന്നാലെ ബോംബാക്രമണ ദൃശ്യങ്ങൾ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് വീഡിയോ പുറത്തുവിട്ടത്.
എന്നാൽ വീഡിയോ ഖാർഗ് ദ്വീപിലെ ആക്രമണവുമായി ബന്ധപ്പെട്ടതാണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. അടിക്കുറിപ്പോ വിശദീകരണമോ നൽകാതെയാണ് ട്രംപ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വിവിധ സ്ഥലങ്ങളിൽ ബോംബാക്രമണം നടത്തുന്നതും നിരവധി ലക്ഷ്യങ്ങൾ ആക്രമിക്കപ്പെടുന്നതും കാണാം. ബോംബുകൾ പതിക്കുന്നതിനു പിന്നാലെ കനത്ത കറുത്ത പുക ഉയരുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഖാർഗ് ദ്വീപിൽ കനത്ത ബോംബാക്രമണം നടത്തിയെന്നും അവിടെയുള്ള എല്ലാ സൈനിക കേന്ദ്രങ്ങളും തകർത്തുവെന്നും ട്രംപ് നേരത്തെ ട്രൂത്ത് സോഷ്യൽ വഴിയാണ് അവകാശപ്പെട്ടത്. ഹോർമുസ് കടലിടുക്കിൽ ആക്രമണങ്ങൾ തുടർന്നാൽ ഇറാനിലെ റിഫൈനറികളെയും ലക്ഷ്യമിടേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു.
മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിലൊന്നാണ് ഖാർഗ് ദ്വീപിൽ നടത്തിയ ആക്രമണമെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഖാർഗിലെ സൈനിക കേന്ദ്രങ്ങൾ പൂർണമായും തകർത്തുവെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം.






