ബെംഗളൂരു: ബെംഗളൂരുവിൽ കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. 34 വയസുകാരനായ പ്രശാന്താണ് അമ്മ, മുത്തശ്ശി, അമ്മാവൻ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. പ്രശാന്തിന്റെ അമ്മ മംഗളമ്മ (55), മുത്തശ്ശി നഞ്ചമ്മ (65), അമ്മാവൻ സതീഷ് (50) എന്നിവരാണ് കൊല്ലപ്പെട്ടത്. കാമാക്ഷിപാളയ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടിഗെപാളയത്തിലാണ് സംഭവം.
രാവിലെ ആറുമണിയോടെ പിതാവ് ജോലിക്കായി വീട്ടിൽ നിന്ന് പോയതിന് പിന്നാലെയാണ് സംഭവം നടന്നത്. വാക്കത്തി ഉപയോഗിച്ച് മൂന്നുപേരെയും ആക്രമിച്ച ശേഷം പ്രശാന്ത് വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ കാമാക്ഷിപാളയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡ്രൈവറായിരുന്ന പ്രശാന്ത് മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)











