മുഹമ്മ: കണക്ഷൻ വിച്ഛേദിക്കാനെത്തിയ കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ തണ്ണീർമുക്കം സ്വദേശി അകത്തോട്ട് വീട്ടിൽ ഗോപിയെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമാണ് നടപടി.
ചേർത്തല വാട്ടർ അതോറിറ്റി പി.എച്ച്. സബ് ഡിവിഷൻ ഡിസ്കണക്ഷൻ സ്ക്വാഡിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
മീറ്റർ തകരാറിലായതുമായി ബന്ധപ്പെട്ട് മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷമാണ് ജൂലൈ 9ന് ഉച്ചയ്ക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ വീട്ടിലെത്തി കണക്ഷൻ വിച്ഛേദിക്കാൻ ശ്രമിച്ചത്.
ഈ സമയത്ത് ഉദ്യോഗസ്ഥരെ അസഭ്യം വിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്ന് എക്സിക്യൂട്ടീവ് എൻജിനീയറെയും ഡ്രൈവറെയും ആക്രമിക്കാൻ ശ്രമിച്ച പ്രതി, തടയാനെത്തിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ തള്ളുകയും ഡ്രൈവറുടെ ഇടത് കവിളിൽ അടിക്കുകയും നെഞ്ചിൽ പിടിച്ച് തള്ളുകയും ചെയ്തതായും പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തെ തുടർന്ന് മുഹമ്മ പൊലീസ് കേസെടുത്ത് സബ് ഇൻസ്പെക്ടർ ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. സബ് ഇൻസ്പെക്ടർ ഗിരീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സുജിത്ത്, അമൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അറസ്റ്റിലായ പ്രതിയെ ചേർത്തല ജുഡീഷ്യൽ സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.




