കാസർകോട്: കാസര്‍കോട് ബദിയടുക്കയില്‍ കസ്റ്റഡി മര്‍ദ്ദനമെന്ന് പരാതി. പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മര്‍ദ്ദനമേറ്റ അജിത്തിന്റെ കുടുംബം രംഗത്ത്. യാതൊരു തെറ്റും ചെയ്യാതെയാണ് പൊലീസ് അജിത്തിനെ മര്‍ദ്ദിച്ചതെന്നാണ് പരാതി.
രാത്രിയിൽ വീട്ടിലെത്തിയ പൊലീസ് ബലംപ്രയോഗിച്ചാണ് അജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കൾ പറയുന്നു. കുടുംബാംഗങ്ങളുടെ മുന്നിൽവെച്ചും പിന്നീട് സ്റ്റേഷനിലെത്തിച്ച ശേഷവും അജിത്തിനെ ക്രൂരമായി മർദിച്ചതായും അവർ ആരോപിച്ചു. പൊലീസ് ഔദ്യോഗിക വാഹനമില്ലാതെയും മഫ്തിയിലുമാണ് എത്തിയതെന്നും ബന്ധുക്കൾ പറയുന്നു.
എന്ത് കേസിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലും പൊലീസ് അറിയിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. കസ്റ്റഡിയിൽ ഉടുതുണി ഉരിച്ചുവരെ മർദിച്ചെന്നാണ് ബന്ധുക്കളുടെ ഗുരുതര ആരോപണം. സംഭവത്തെ തുടർന്ന് അജിത്തിന് നാട്ടിൽ വലിയ മാനസിക വിഷമവും നാണക്കേടും ഉണ്ടായതായും കുടുംബം പറഞ്ഞു. വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.
അടക്ക മോഷണക്കേസുമായി ബന്ധപ്പെട്ടാണ് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷണം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ അജിത്തിനോട് രൂപസാദൃശ്യമുള്ള ഒരാളെ കണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ അജിത്ത് കേസിലെ പ്രതിയല്ലെന്ന് കണ്ടെത്തിയ പൊലീസ് യഥാർഥ പ്രതികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
അതേസമയം, സംശയത്തിന്റെ അടിസ്ഥാനത്തിൽ അജിത്തിനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.












