വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മലക്കം മറിഞ്ഞ് സിപിഐഎം. കഴിഞ്ഞ ദിവസം വരെ അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്ന നേതാക്കളാണ് പതിയെ നിലപാടുകളിൽ മൃദുത്വം ചേർക്കുന്നത്. ഈ ഓഹരിക്കൈമാറ്റ ഡീൽ കുത്തകകളെ സഹായിക്കാനെന്ന നിലപാടിൽ നിന്നാണ് സിപിഎം പതിയെ പിന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉയർത്തിയ കുത്തകവൽക്കരണമെന്ന വാദം നേതാക്കൾ ഉപേക്ഷിച്ചു.
ഒപ്പം ചില അഭിപ്രായ ഭിന്നതകളും പാർട്ടിക്കുള്ളിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്നുണ്ട് എന്ന അഭ്യൂഹവും ശക്തമാണ്. ഇപി ജയരാജന്റേതാണ് അക്കൂട്ടത്തിലെ ശ്രദ്ധേയമായ പ്രസ്താവന. വിഴിഞ്ഞം വിഷയം വിവാദമാക്കേണ്ടതില്ലെന്നും അത് കേരളത്തിന് നല്ലതല്ലെന്നുമാണ് ഇപി പറഞ്ഞത്. പിന്നാലെ ദിവ്യ എസ് അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന്റെ കടുത്ത വിമർശനങ്ങളെ തള്ളി കെകെ ശൈലജയും പികെ ശ്രീമതിയും രംഗത്തെത്തിയിരുന്നു. ഒരു ഉദ്യോഗസ്ഥയെ മാറ്റുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും രാഗേഷിന്റെ ആത്മരോഷത്തിന് ലോജിക്കില്ലെന്നുമാണ് ഇവരുടെ അഭിപ്രായം.
ഈ ദിവസങ്ങളിൽ പുറത്ത് വന്ന സിപിഎം നേതാക്കളുടേതായ പ്രസ്താവനകളിൽ നിന്ന്, അദാനി- എംഎസ്സി ഓഹരി കൈമാറ്റത്തിന് എതിരല്ലെന്നും സർക്കാർ അറിയാത്തതാണ് പ്രശ്നമെന്നും അറിയിക്കാനുള്ള ബോധപൂർവ്വമായൊരു ശ്രമം കാണാം. വിഴിഞ്ഞത്ത് സിപിഐഎമ്മിൽ ഭിന്നതയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പാർട്ടിക്ക് ഒറ്റ അഭിപ്രായം മാത്രമേ ഉളളുവെന്നാണ് ഗോവിന്ദൻ മാഷിന്റെ നിലപാട്.
‘വിഴിഞ്ഞത്തിൽ സിപിഐഎമ്മിന് രണ്ട് അഭിപ്രായമില്ല. അദാനിയുമായുളള ഇടപാടിൽ രാഹുൽ ഗാന്ധിയടക്കം മറുപടി പറയണം. എംഎസ്സിയുമായുളള ചർച്ചയ്ക്ക് എതിരല്ല. പക്ഷെ സർക്കാർ അനുമതി വേണമായിരുന്നു. ഓഹരി കൈമാറ്റം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞാൽ പോര’, എം വി ഗോവിന്ദൻ പറഞ്ഞു.
എന്നാൽ ഇങ്ങനെയല്ല കാര്യങ്ങളെന്നാണ് പാർട്ടിക്കുള്ളിൽ നടക്കുന്ന സംഭവങ്ങളിൽ നിന്ന് മനസിലാകുക. നിർണായക കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ വിട്ടുനിന്നതാണ് അതിൽ പ്രധാനം. ദില്ലിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാതെ കണ്ണൂരിൽ തന്നെ തുടരുകയാണ് ഇപി ജയരാജൻ.
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ എതിർപ്പില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. സർക്കാർ അറിയാതെ ഓഹരി കൈമാറ്റം പാടില്ലെന്നും വിഷയത്തിൽ സിപിഐഎമ്മിന് രണ്ട് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘വിഴിഞ്ഞം കേരളത്തിന്റെ പുരോഗതിയ്ക്ക് നിർണായക പങ്ക് വഹിക്കുന്നുണ്ട്. അത് പൊതുമേഖലയുടെ പൊതുനിയന്ത്രണത്തിൽ നിലനിർത്തണം. അതിൽ വ്യത്യസ്ത സമീപനങ്ങൾ വന്നപ്പോൾ ആ സർക്കാർ നിലപാടുകളെയാണ് വിമർശിച്ചത്. ഒരു കമ്പനിക്കും ഓഹരി നൽകാൻ പാടില്ലെന്ന നിലപാട് പാർട്ടിക്കില്ല. എന്നാൽ അത്തരമൊരു കൈമാറ്റം നടക്കുമ്പോൾ അത് സർക്കാരിന്റെ പൂർണമായ അറിവോടും അനുവാദത്തോടും കൂടി ആയിരിക്കണം എന്നതാണ് വ്യവസ്ഥ. അതിന് വിരുദ്ധമായ ചില നീക്കങ്ങൾ നടന്നപ്പോഴാണ് അതിനെ എതിർക്കാനും അത് ജനങ്ങൾക്കിടയിൽ തുറന്നുകാണിക്കാനുമുളള നിലപാട് പാർട്ടി സ്വീകരിച്ചത്’, ടി പി രാമകൃഷ്ണൻ പറഞ്ഞു.
ഓഹരി കൈമാറ്റത്തിന് എതിരല്ലെന്നും കരാർ വ്യവസ്ഥകളിലെ ലംഘനമാണ് ചൂണ്ടിക്കാട്ടിയത് എന്നുമാണ് മുൻ മന്ത്രി പി രാജീവ് പറഞ്ഞത്. പാർട്ടിക്ക് അകത്ത് രണ്ട് അഭിപ്രായമില്ലെന്നും തൂത്തുക്കുടിയിൽ എംഎസ്സിയ്ക്ക് ഉണ്ടെന്ന് പുറത്തുകൊണ്ടുവന്നത് മാധ്യമങ്ങളാണെന്നും പി രാജീവ് പറഞ്ഞു. ‘കരാർ ലംഘനം ഉണ്ടായി. അത് പരിഹരിക്കാനാണ് മുഖ്യമന്ത്രി സ്റ്റേറ്റ്മാൻഷിപ്പ് കാണിക്കേണ്ടത്. പലതിലും മുഖ്യമന്ത്രിക്ക് തിടുക്കമാണ്’, പി രാജീവ് പറഞ്ഞു.
ഓഹരി വിഷയം വിവാദമാക്കേണ്ടതില്ല എന്ന ഇ പി ജയരാജന്റെ നിലപാടിനെ തളളി തോമസ് ഐസക് രംഗത്തെത്തി. വിവാദമാക്കേണ്ട എന്ന് പറയുന്നതിൽ കാര്യമില്ലെന്നും പാർട്ടിയിൽ അഭിപ്രായവ്യത്യാസമില്ലെന്നും തോമസ് ഐസക് പറഞ്ഞു. തൂത്തുക്കുടി തുറമുഖത്ത് എംഎസ്സി കമ്പനിക്ക് സ്വന്തമായി ടെർമിനലുളളത് കരാർ ലംഘനമാണോ എന്നത് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘അദാനിക്ക് ഓഹരി കൈമാറ്റം നടത്തണം, അതിന്റെ ഫലമായി 13000 കോടി രൂപ അവർക്ക് കിട്ടുന്നു. അതിന് കേരളാ സർക്കാരിന്റെ അനുവാദം കൂടിയേ തീരു. എംഎസ്സിയ്ക്ക് തൂത്തുക്കുടിയിൽ ടെർമിനൽ സ്വന്തമായിട്ടുളളത് കരാർ നിബന്ധനകളിൽ നിന്ന് വ്യത്യസ്തമല്ലേ? ഇതിൽ വ്യക്തത വരുത്താതെ എങ്ങനെ മുന്നോട്ടുപോകാനാണ്’, തോമസ് ഐസക് ചോദിച്ചു.
എന്നാൽ പാർട്ടിക്കുള്ളിലെ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയൻ കടുത്ത അതൃപ്തിയിലെന്നാണ് റിപ്പോർട്ട്. പിണറായിയുടെ അതൃപ്തിയിലും ഇപി ജയരാജനും കെകെ ശൈലജയും പികെ ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ്. അതിനിടെ, കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് പിന്തുണ ആവർത്തിച്ച് എംവി ഗോവിന്ദൻ രംഗത്തെത്തി. ഇന്ന് എകെ ബാലനും തോമസ് ഐസകും രാഗേഷിൻ്റെ നിലപാടിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ആദ്യ ദിവസങ്ങളിലെ ആരോപണച്ചൂടിന് ഇത്രവേഗം എങ്ങനെ മയം വന്നെന്ന ചോദ്യമാണ് രാഷ്ട്രീയ കേരളത്തിൽ ഉയരുന്നത്.











