പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കാണാതായ വയോധികയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയതായി സംശയം. വടകരപ്പതി ആട്ടയമ്പതി സ്വദേശിനിയായ സരസാളി (66)യാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ജൂൺ 10 മുതൽ സരസാളിയെ കാണാതായതിനെ തുടർന്ന് മകൾ ജൂൺ 12-ന് കൊഴിഞ്ഞാമ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.
ചോദ്യംചെയ്യലിനിടെ വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളിമുറിയിലെ ഡ്രമ്മിൽ വെച്ച് കത്തിക്കുകയും പിന്നീട് പകുതിയോളം കത്തിയ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചുമൂടുകയും ചെയ്തതായി പ്രതികൾ മൊഴി നൽകിയെന്നാണ് സൂചന.
സംഭവസ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനയും മറ്റ് നിയമനടപടികളും പൂർത്തിയാക്കിയ ശേഷമേ സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകാനാകൂവെന്ന് പോലീസ് അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.











