പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വയോധിക സരസമ്മാളിന്റെ കൊലപാതകക്കേസിൽ രണ്ട് പ്രതികൾ പിടിയിലായി. ആട്ടയാംപതി സ്വദേശി ഉദയകുമാറിനെയും സഹായിയായ 17കാരനെയും തമിഴ്നാട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മാസം 10-നാണ് സരസമ്മാളെ കാണാതായത്. അന്വേഷണത്തിനൊടുവിൽ മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് കണ്ടെത്തി. രണ്ട് മൂക്കുത്തികൾ കവർന്നെടുക്കാനാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ വിവരം.
പ്രതിയായ ഉദയകുമാറിന്റെ വീട്ടിൽവച്ചാണ് സരസമ്മാളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം നെഞ്ചിൽ ചവിട്ടുകയും പിന്നീട് കൊടുവാൾ ഉപയോഗിച്ച് കഴുത്തിൽ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
തുടർന്ന് മൃതദേഹം ശുചിമുറിയിലെ ഡ്രമ്മിൽ വെച്ച് കത്തിക്കാൻ ശ്രമിച്ചു. പിന്നീട് ഭാഗികമായി കത്തിയ മൃതദേഹം ചാക്കിൽ കെട്ടി പ്രതിയുടെ വീടിന് പിന്നിൽ കുഴിച്ചുമൂടിയതായും പോലീസ് അറിയിച്ചു.
സംഭവത്തിൽ പിടിയിലായ 17കാരനെതിരെ നേരത്തെയും കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




