ഭോപ്പാൽ: മധ്യപ്രദേശിൽ ആൾക്കൂട്ട മർദനക്കേസിൽ 14 ഗോരക്ഷാ പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി തബാസും ഖാനെതിരെ വധഭീഷണി ഉയർന്നു. ഭീഷണികളുടെ പശ്ചാത്തലത്തിൽ ജഡ്ജിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
2022-ൽ കന്നുകാലികളെ കടത്തുകയായിരുന്നുവെന്ന് ആരോപിച്ച് ട്രക്ക് ഡ്രൈവറായ നാസിർ അഹമ്മദിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ കേസിലാണ് ജൂൺ 12-ന് കോടതി വിധി പ്രസ്താവിച്ചത്. സംഭവത്തിൽ 14 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരുടെ മൊഴി കേസിൽ നിർണായക തെളിവായി മാറിയിരുന്നു. ആൾക്കൂട്ട മർദനമാണ് നടന്നതെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.
വിധിക്ക് പിന്നാലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കാതെ പ്രതികളുടെ മതം അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചതെന്ന ആരോപണവും ഇവർ ഉയർത്തി. തുടർന്ന് ജഡ്ജിക്കെതിരെ വർഗീയ പരാമർശങ്ങളും വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉൾപ്പെടെയുള്ള സന്ദേശങ്ങൾ പ്രചരിച്ചതായാണ് വിവരം.
ശിക്ഷിക്കപ്പെട്ടവരെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടും അല്ലാത്തപക്ഷം രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന തരത്തിലുമുള്ള ഭീഷണികളും ഉയർന്നിട്ടുണ്ട്. വിധി പ്രഖ്യാപിച്ച ദിവസം പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയ വാഹനം കോടതി വളപ്പിൽ തടയാൻ ശ്രമിക്കുകയും പിന്നീട് പഞ്ചാബ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജഡ്ജിക്കെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.



