തിരുവനന്തപുരം: വാമനപുരം എംസി റോഡിലെ ആശുപത്രി ജംഗ്ഷനിൽ രണ്ട് കെഎസ്ആർടിസി ബസുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ആർക്കും ഗുരുതര പരിക്കില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കാരേറ്റ് ഭാഗത്തുനിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ബസ് യാത്രക്കാരെ ഇറക്കുന്നതിനായി ആശുപത്രി ജംഗ്ഷനിൽ നിർത്തിയിരിക്കുകയായിരുന്നു. ഇതിനിടെ അതേ ദിശയിൽ എത്തിയ മറ്റൊരു കെഎസ്ആർടിസി ബസ് മുന്നിലുള്ള ബസിൽ ഇടിച്ചു. തുടർന്ന് പിന്നിലുണ്ടായിരുന്ന കാർ ഈ ബസിൽ ഇടിക്കുകയായിരുന്നു.
മുന്നിലുണ്ടായിരുന്ന ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ വാഹനം നിയന്ത്രിക്കാൻ കഴിയാതിരുന്നതാണ് അപകടകാരണമെന്ന് രണ്ടാമത്തെ ബസിന്റെ ഡ്രൈവർ പൊലീസിനോട് വിശദീകരിച്ചു. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.



