ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാൻ തുടർസമരങ്ങളുമായി ഇന്ത്യാ സഖ്യം. നവരാത്രിക്ക് ശേഷം പ്രതിഷേധപരമ്പര സംഘടിപ്പിക്കാനാണ് തീരുമാനം. നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ മഹാറാലി നടത്തും. സഖ്യത്തിലെ എല്ലാ പ്രധാന നേതാക്കളെയും പങ്കെടുപ്പിച്ചായിരിക്കും റാലി.
ഇതിന് മുന്നോടിയായി ഒക്ടോബർ 25ന് പ്രതിഷേധ റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുക്കാൻ എംപിമാരോട് 24ന് ഡൽഹിയിലെത്താൻ നിർദേശിച്ചു. അതിന് മുമ്പ് ഇന്ത്യാ സഖ്യത്തിന്റെ അനൗപചാരിക യോഗവും ചേരും. തുടർന്നുള്ള പ്രതിഷേധ പരിപാടികൾ യോഗത്തിൽ ചർച്ച ചെയ്യും.
പ്രാദേശിക തലത്തിൽ പ്രവർത്തകരെ ഡൽഹിയിലെത്തിക്കാനും എംപിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓരോ പാർട്ടിക്കും സ്വാധീനമുള്ള സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ ആളുകളെ പ്രതിഷേധത്തിൽ പങ്കെടുപ്പിക്കാനാണ് നീക്കം. ഒക്ടോബർ 27ന് സിപിഐയുടെ നേതൃത്വത്തിലും പ്രതിഷേധം നടക്കും.
കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ്, എൻഎസ്യു, എസ്എഫ്ഐ, ഡിവൈഎഫ്ഐ, ഐസ, എഐഎസ്എഫ്, എഐവൈഎഫ് തുടങ്ങിയ വിദ്യാർഥി-യുവജന സംഘടനകൾ കണോട്ട് പ്ലേസിൽ പ്രതിഷേധിച്ചിരുന്നു. ഇതിന് മുമ്പ് ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് ഹർജി നൽകാനായി പ്രതിഷേധ മാർച്ചും നടത്തിയിരുന്നു. പ്രതിഷേധങ്ങൾക്ക് ഇന്ന് രാവിലെ നേരിയ അയവ് വന്നിട്ടുണ്ട്.
അതേസമയം, സിപിഐ എംഎല്ലിന്റെ വിദ്യാർഥി സംഘടനയായ ഐസയുടെ അധ്യക്ഷ നേഹ ബോറയ്ക്ക് അമിത പ്രാധാന്യം നൽകുന്നുവെന്ന ആരോപണത്തെച്ചൊല്ലി എൻഎസ്യുവിലും യൂത്ത് കോൺഗ്രസിലും അതൃപ്തി ശക്തമാകുന്നു. വിഷയത്തിൽ എൻഎസ്യു വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചു. ഗ്രൂപ്പിന്റെ പേര് ‘വീ ദ ചോട്ടു’ എന്നാക്കി മാറ്റിയാണ് പ്രതിഷേധം അറിയിച്ചത്.
പാർട്ടിയിൽ പണിയെടുക്കാൻ മാത്രം വിധിക്കപ്പെട്ടവർ എന്ന അർഥത്തിലാണ് ‘ചോട്ടു’ എന്ന പേര് നൽകിയതെന്നാണ് പ്രവർത്തകരുടെ വിശദീകരണം. എൻഎസ്യു അധ്യക്ഷനെപ്പോലും വേണ്ടവിധം പരിഗണിക്കുന്നില്ലെന്നും പ്രവർത്തകർ ആരോപിച്ചു. എൻഎസ്യു നേതാക്കൾ രാഹുൽ ഗാന്ധിയെ നേരിൽക്കണ്ട് അതൃപ്തി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.



