തിരുവനന്തപുരം: വാമനപുരത്ത് എം.സി റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകളും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് വിവരം. കാരേറ്റ് ഭാഗത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് വാമനപുരം ആശുപത്രി ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കുന്നതിനായി നിർത്തിയിരുന്നു. ഈ സമയം ഇതേ ദിശയിൽ പിന്നിൽ നിന്ന് വന്ന മറ്റൊരു കെഎസ്ആർടിസി ബസ് നിർത്തിയിട്ടിരുന്ന ബസിൽ ഇടിക്കുകയായിരുന്നു.
പിന്നാലെ വന്ന കാർ രണ്ടാമത്തെ ബസിന്റെ പിന്നിൽ ഇടിച്ചതോടെയാണ് അപകടമുണ്ടായത്. കാറിലും ബസുകളിലുമായി ഉണ്ടായിരുന്ന അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പിന്നിൽ വന്ന ബസിന് പെട്ടെന്ന് ബ്രേക്ക് പിടിക്കാനാകാതെ വന്നതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പറഞ്ഞു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.




