ലഖ്നൗ: ദാഹമടക്കാന്‍ വെള്ളമെന്ന് കരുതി യുവതി കുടിച്ചത് ആസിഡ്. ഉത്തർപ്രദേശിലെ ഹാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. സ്വർണം വാങ്ങുന്നതിനായി അമ്മയ്ക്കൊപ്പം ജ്വല്ലറിയിലെത്തിയ യുവതിക്ക് ദാഹം അനുഭവപ്പെട്ടതിനെ തുടർന്ന് ജീവനക്കാരനോട് കുടിവെള്ളം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ജ്വല്ലറി ജീവനക്കാരൻ സമീപത്തെ കടയിൽ നിന്ന് സീൽ ചെയ്ത കുപ്പിവെള്ളം വാങ്ങി യുവതിക്ക് നൽകി.
കുപ്പിയിലെ ദ്രാവകം കുടിച്ചതിന് പിന്നാലെ യുവതിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും വേദന സഹിക്കാനാകാതെ പുറത്തേക്ക് ഓടി ദ്രാവകം തുപ്പാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ കുപ്പി വാങ്ങിയ കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുപ്പി പൂർണമായും സീൽ ചെയ്ത നിലയിലായിരുന്നുവെന്നും ഫ്രിഡ്ജിൽ നിന്ന് എടുത്ത് അതേ നിലയിലാണ് ഉപഭോക്താവിന് നൽകിയതെന്നും ജ്വല്ലറി ഉടമ ദേനു വ്യക്തമാക്കി.
സീൽ ചെയ്ത കുപ്പിയിൽ ആസിഡ് എങ്ങനെ എത്തിയെന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി നിലവിൽ മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പ്രദേശവാസികൾക്കിടയിലും ആശങ്ക ഉയർന്നിട്ടുണ്ട്.




