തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഏഴ് മണിക്ക് ശേഷം ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത പക്ഷം നിയന്ത്രണം നടപ്പാക്കേണ്ടിവരുമെന്നാണ് ബോർഡിന്റെ വിശദീകരണം.
മഴയുടെ കുറവും ഉയർന്ന താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ വർധിച്ചിരിക്കുകയാണ്. ഇന്ന് മാത്രം 300 മുതൽ 400 മെഗാവാട്ട് വരെ അധിക വൈദ്യുതി ആവശ്യമായി വരുമെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ. രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയും കുറഞ്ഞിട്ടുണ്ട്.
വൈദ്യുതി നിയന്ത്രണം അനിവാര്യമാകുന്ന സാഹചര്യത്തിൽ രാത്രി ഏഴ് മണിക്ക് ശേഷമായിരിക്കും നടപ്പാക്കുക. പത്ത് മിനിറ്റ് മുതൽ പരമാവധി അരമണിക്കൂർ വരെ നീളുന്ന ഭാഗിക നിയന്ത്രണങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.




