കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതി സുഹൈലിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. പ്രതിക്കെതിരെ കുറ്റകരമായ നരഹത്യയ്ക്കും അലക്ഷ്യമായി വാഹനമോടിച്ചതിനുമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സുഹൈൽ മദ്യലഹരിയിലായിരുന്നുവെന്ന കാര്യവും റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് റിമാൻഡ് റിപ്പോർട്ടിലൂടെ പൊലീസ് ആവശ്യപ്പെട്ടത്.
പ്രതിയെ ബോർസ്റ്റൽ സ്കൂളിലേക്ക് അയക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നില്ലെന്നും സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും നെടുമ്പാശ്ശേരി പൊലീസ് അറിയിച്ചു. സുഹൈലും സുഹൃത്തുക്കളും കൊച്ചിയിലെ വിവിധ ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
സാമ്പത്തിക ശേഷിയും സ്വാധീനവുമുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ അപായപ്പെടുത്താനോ സാധ്യതയുണ്ടെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഗുരുതരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
അതേസമയം, കേസിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിനെതിരെ മരിച്ച ഗോപികയുടെ കുടുംബം നേരത്തെ ഗുരുതര വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അപകടത്തിന് കാരണമായ വാഹനം ഓടിച്ചയാളുടെ പേര് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു പ്രധാന ആരോപണം. സുഹൈലിന്റെ പേര് ചേർക്കാത്തതിനു പുറമേ, പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൂചിപ്പിക്കുന്ന ‘അൺനോൺ’ എന്ന വാക്കാണ് പ്രതിയുടെ കോളത്തിൽ ഉൾപ്പെടുത്തിയിരുന്നതെന്നും കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു.
കാറിന്റെ നമ്പർ മാത്രമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നതെന്നും മദ്യപിച്ച് വാഹനമോടിച്ചതായി എഫ്ഐആറിൽ പരാമർശമില്ലെന്നും വിമർശനം ഉയർന്നിരുന്നു. പ്രതി മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്ന കാര്യം പോലും എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, സുഹൈലും സുഹൃത്തുക്കളും മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയശേഷം മുതിർന്നവർക്കുള്ള ജയിലിലേക്ക് അയക്കാതെ ബോർസ്റ്റൽ ഹോമിലേക്ക് മാറ്റിയതും വിവാദമായിരുന്നു. 21 വയസ്സുവരെ പ്രായമുള്ള പ്രതികളെ ഇത്തരം കേസുകളിൽ ബോർസ്റ്റൽ ഹോമിലേക്ക് അയക്കാമെന്നാണ് പൊലീസ് വിശദീകരിച്ചത്. പ്രതിയെ ബോർസ്റ്റൽ ഹോമിലേക്ക് അയച്ചത് പൊലീസല്ല, കോടതിയാണെന്നും നിയമപ്രകാരമാണ് നടപടി സ്വീകരിച്ചതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.



