ഇടുക്കി: കൂലി തർക്കത്തെ തുടർന്ന് വയോധികൻ വ്യാജ ബോംബ് ദേഹത്ത് കെട്ടി തൊഴിലുടമയുടെ വീട്ടിലെത്തി അക്രമം. വീടിന്റെ മുറ്റത്തിരുന്ന കാറിലും വാതിലിലും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയും വീടിന്റെ ഭിത്തിയിൽ കരിഓയിൽ ഒഴിക്കുകയും ചെയ്ത ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്താൻ ശ്രമിച്ചതായും പോലീസ് അറിയിച്ചു.
നാച്ചിവയൽ മുകളേൽ വീട്ടിൽ ജോണി ആണ് സംഭവത്തിൽ അറസ്റ്റിലായത്. പട്ടംകോളനി പത്തടിപ്പാലത്ത് സജീവിന്റെ വീട്ടിലാണ് ശനിയാഴ്ച രാവിലെ സംഭവം നടന്നത്. സജീവിന്റെ കൃഷിയിടത്തിലെ മുൻ മേൽനോട്ടക്കാരനായിരുന്നു ജോണി. ഇരുവരും തമ്മിൽ കൂലി സംബന്ധിച്ച തർക്കം നിലനിന്നിരുന്നുവെന്നാണ് വിവരം.
സംഭവസമയത്ത് സജീവും ഭാര്യയും തൊടുപുഴയിൽ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. ഈ അവസരം പ്രയോജനപ്പെടുത്തി വീട്ടിലെത്തിയ ജോണി അക്രമം നടത്തുകയായിരുന്നു. തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികൾ ഓടിയെത്തിയപ്പോൾ വീടിന്റെ മുറ്റത്തുള്ള മരത്തിൽ കയറിൽ കുടുക്കിട്ട് ആത്മഹത്യാഭീഷണി മുഴക്കി നിൽക്കുന്ന ജോണിയെയാണ് കണ്ടത്. ദേഹത്ത് ബെൽറ്റ് ബോംബ് പോലുള്ള സംവിധാനവും കെട്ടിയിരുന്നു.
വിവരം ലഭിച്ചെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കി. തുടർന്ന് ജോണിയെ അനുനയിപ്പിച്ച് മരത്തിൽ നിന്ന് താഴെയിറക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തനിക്ക് ഏകദേശം നാല് ലക്ഷം രൂപ കൂലി നൽകാനുണ്ടെന്നാണ് ജോണിയുടെ ആരോപണം.
എന്നാൽ പഞ്ചായത്ത് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ മുഴുവൻ തുകയും നൽകിയതായി സജീവ് വ്യക്തമാക്കി. ഉപഭോക്തൃ കോടതിയിൽ ജോണിക്ക് അനുകൂലമായ വിധി വന്നതിനെതിരെ സജീവ് മേൽക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പറയുന്നു. സംഭവത്തിൽ ജോണിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു






