ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് മാറ്റത്തിന് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനെ മാറ്റി. യുവതി പ്രവേശനത്തെ അനുകൂലിച്ചിരുന്ന സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയെ ഒഴിവാക്കി, മുൻപ് പ്രവേശനത്തെ എതിർത്ത നിലപാട് എടുത്തിരുന്ന സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വിയെ ബോർഡിന് വേണ്ടി ഹാജരാക്കാനാണ് തീരുമാനം.
ശബരിമല കേസിലെ പുനഃപരിശോധന ഹർജിയിൽ ബോർഡിന്റെ മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായിരുന്നത് അഭിഷേക് മനു സിംഗ്‌വിയായിരുന്നു.
അതേസമയം, ശബരിമല യുവതി പ്രവേശന കേസിൽ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വാദം സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള കക്ഷികൾക്ക് സുപ്രീംകോടതി കൂടുതൽ സമയം അനുവദിച്ചു. ചീഫ് ജസ്റ്റിസിന് മുമ്പാകെ വാദങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി ഈ മാസം 23 വരെ സമയം നീട്ടിയത്.
ഇതിനിടെ യുവതി പ്രവേശനത്തിനെതിരെ അഖില ഭാരതീയ അയ്യപ്പസേവാസംഘവും കോടതിയിൽ വാദങ്ങൾ സമർപ്പിച്ചു. ഭരണഘടനാ തത്വങ്ങൾ ഉപയോഗിച്ച് ആചാരങ്ങളെ വിലയിരുത്താൻ പാടില്ലെന്നും പൊതുതാൽപര്യ ഹർജികളുടെ പേരിൽ മതവിശ്വാസങ്ങളെ ചോദ്യം ചെയ്യാനാകില്ലെന്നും സംഘടനക്ക് വേണ്ടി ഹാജരായ അഭിഭാഷക ശോഭ രാമമൂർത്തി വ്യക്തമാക്കി.
ആചാരവിശ്വാസ വിഷയങ്ങളിൽ ഇടപെടാൻ സർക്കാരിനോ കോടതിക്കോ അധികാരമില്ലെന്നും പന്തളം കൊട്ടാരാംഗം ആർ.ആർ. വർമ്മ കോടതിയിൽ അറിയിച്ചു. ദീർഘകാലമായി തുടരുന്ന ആചാരങ്ങളിൽ ഇടപെടുന്നത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.






